പൊതു സമൂഹത്തിന്റെ പിന്തുണ തേടി ശ്വേതാഭട്ടും മകന്‍ ശാന്തനുവും
ന്യൂഡല്‍ഹി: സമൂഹത്തോട് സത്യസന്ധത കാട്ടിയതിനാണ് സഞ്ജീവ് ഇപ്പോള്‍ ജയിലില്‍ക്കിടക്കുന്നത്. അദ്ദേഹത്തിന് വേണ്ടി എഴുന്നേറ്റു നിന്നെങ്കിലും സത്യസന്ധത കാട്ടാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ജയിലില്‍ക്കഴിയുന്ന ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടും മകന്‍ ശാന്തനു ഭട്ടും.
എന്‍.സി.എച്ച്.ആര്‍.ഒ ഡല്‍ഹിയില്‍ നടത്തിയ ആക്ടിവിസ്റ്റ് മീറ്റിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജീവിന്റെ കുടുംബം.
സഞ്ജീവിന് യാതൊരു പങ്കുമില്ലാത്ത കേസില്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തിയാണ് അദ്ദേഹത്തെ ജയിലിലിട്ടിരിക്കുന്നത്. ഏതു ജനാധിപത്യത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് ഓര്‍ക്കണം. സത്യസന്ധതയോടെയാണ് അദ്ദേഹം എക്കാലത്തും ജോലി ചെയ്തത്.
അദ്ദേഹം സമൂഹത്തിനു വേണ്ടി നിര്‍ഭയമായി സംസാരിച്ചു. അദ്ദേഹത്തിനു വേണ്ടി നിങ്ങള്‍ക്കും നിര്‍ഭയമായി സംസാരിക്കാന്‍ കഴിയണം. ഈ ജീവപര്യന്തം തടവ് അദ്ദേഹം അര്‍ഹിക്കുന്നില്ല. സഞ്ജീവ് തിരിച്ചുവരുന്ന ദിവസത്തിനു വേണ്ടിയാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും ശ്വേതാഭട്ടും ശാന്തനുവും പറഞ്ഞു. ഇപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ശബ്ദമുയര്‍ത്തിയേ പറ്റൂ. അല്ലെങ്കില്‍ സമൂഹം അദ്ദേഹത്തെ മറക്കും.
30 കൊല്ലം മുന്‍പ് കിഡ്‌നി രോഗം വന്ന് ഒരാള്‍ മരിച്ച കേസിലാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. മരിക്കുന്നതിന് കുറച്ചു ദിവസം മുന്‍പ് അദ്ദേഹത്തെ വര്‍ഗീയ കലാപമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്തത് മറ്റാരോ ആണ്. കുടുംബത്തിന് പരാതിയുണ്ടായിരുന്നില്ല. എന്നാല്‍ വിശ്വഹിന്ദു പരിഷത്തുകാര്‍ പരാതികൊടുപ്പിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കുഴപ്പമൊന്നും കണ്ടില്ല. കേസില്‍ എഫ്.ഐ.ആര്‍ പോലുമുണ്ടായിരുന്നില്ല. 2011ല്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്കെതിരേ നാനാവതി കമ്മിഷന് മൊഴികൊടുത്ത അന്ന് വൈകിട്ട് ഈ കേസില്‍ സഞ്ജീവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തരവിറങ്ങി. നിയമങ്ങള്‍ ലംഘിച്ചായിരുന്നു ഉത്തരവ്. ശരിയായ വിചാരണയും നടന്നില്ല.
പിന്നീട് പ്രതികാര നടപടികളായിരുന്നു. 23 കൊല്ലം മുന്‍പ് നിര്‍മിച്ച തങ്ങളുടെ വീട് അനധികൃത നിര്‍മാണമുണ്ടായെന്ന് കാണിച്ച് പാതി പൊളിച്ചു നീക്കി.
സുരക്ഷയില്ലാതെ പേടിച്ചാണ് തങ്ങള്‍ കഴിയുന്നത്. അദ്ദേഹത്തെ ജയിലില്‍ കാണാന്‍ സമ്മതിക്കാറില്ല. കോടതിയില്‍ വച്ചാണ് കാണുന്നത്. ജയിലിലാണെങ്കിലും അദ്ദേഹം ധീരനായാണ് നില്‍ക്കുന്നത്. എന്നാല്‍ അദ്ദേഹം നിരാശനാണ്- ശ്വേതാഭട്ടും ശാന്തനുവും പറഞ്ഞു.
ശ്വേതാഭട്ടിന് സഹായവുമായി കത്‌വ കേസിലെ അഭിഭാഷക
ദീപിക രജാവത്ത്; കേസില്‍ അപ്പീല്‍ ഉടന്‍
ന്യൂഡല്‍ഹി: സഞ്ജീവ് ഭട്ടിനെതിരായ കേസില്‍ ഭാര്യ ശ്വേതാഭട്ടിനെ സഹായിക്കാന്‍ കത്‌വ പീഡനക്കേസില്‍ ഇരയ്ക്ക് നീതി ലഭ്യമാക്കുന്നതിന് മുന്നില്‍ നിന്ന കശ്മീരി അഭിഭാഷക ദീപികാ റജാവത്തും.
കേസില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ശ്വേതയ്ക്കാവശ്യമായ സഹായം നല്‍കുമെന്നും ഇതിനായി അഹമ്മദാബാദിലേക്ക് പോകുമെന്നും ദീപിക പറഞ്ഞു.
വൈകാതെ, കേസില്‍ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യും. അതോടൊപ്പം ഈ കേസില്‍ പൊതുസമൂഹത്തിന്റെ പിന്തുണ കൂടി ലഭ്യമാകേണ്ടതുണ്ടെന്നും ദീപിക പറഞ്ഞു. മാധ്യമങ്ങളുടേയും പൊതുസമൂഹത്തിന്റെയും പിന്തുണ ഇത്തരം കേസുകളില്‍ അനിവാര്യമാണ്. നാളെ മറ്റൊരാള്‍ക്കും വരാവുന്ന അനുഭവമാണ് ഇതെന്ന ബോധ്യമുണ്ടാകണമെന്നും കത്‌വ കേസ് പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ദീപിക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."