സത്യധാര കാംപയിന്‍ ആരംഭിച്ചു
കോഴിക്കോട്: 'വെറും വായനയല്ല, നട്ടെല്ലുള്ള നിലപാടുകള്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ 'സത്യധാര'യുടെ പ്രചാരണത്തിന് ഉജ്ജ്വല തുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും വരിക്കാരായി ചേര്‍ന്നു കൊണ്ടാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്.
വായനാ ലോകത്ത് നിലപാടുകളും അകക്കാമ്പുമുള്ള എഴുത്തുകളാണ് 'സത്യധാര'യെ വ്യതിരിക്തമാക്കുന്നതെന്നും കാലിക വിഷയങ്ങളില്‍ സത്യധാരയുടെ ഇടപെടല്‍ ഏറെ ശ്രദ്ധേയമാണെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ആദര്‍ശ പ്രചാരണ രംഗത്ത് 'സത്യധാര'യുടെ തൂലികാ മുന്നേറ്റം ശ്ലാഘനീയമാണ്. മത സൗഹാര്‍ദവും സാമുദായിക സൗഹൃദവും കാത്തു സൂക്ഷിക്കുന്നതിലും തീവ്രവാദവും നിരീശ്വരവാദവും ഉന്‍മൂലനം ചെയ്യുന്നതിനും 'സത്യധാര' വഹിച്ച പങ്ക് വളരെ വലുതാണെന്നും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഓഫിസുകള്‍, പബ്ലിക് ലൈബ്രറികള്‍, മത സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കും മറ്റുവായനക്കാരിലേക്കും 'സത്യധാര' എത്തിച്ചേരാനുള്ള വിപുലമായ പദ്ധതികളാണ് കാംപയിനിന്റെ ഭാഗമായി നടക്കുന്നത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിറലി തങ്ങള്‍, താജുദ്ദിന്‍ ദാരിമി പടന്ന, ഖാസിം ദാരിമി വയനാട്, മുഹമ്മദ് കുട്ടി കുന്നുംപുറം, ഇസ്മാഈല്‍ ദാരിമി പാലക്കാട്, ഫാറൂഖ് കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."