കോഴഞ്ചേരിയില്‍ സി.പി.എമ്മും സി.പി.ഐയും നാലു സീറ്റുകളില്‍ നേര്‍ക്കുനേര്‍
സ്വന്തം ലേഖകന്‍
തിരുവല്ല: സീറ്റ് വിഭജനത്തെച്ചൊല്ലി പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സി.പി.എം- സി.പി.ഐ തര്‍ക്കം. എന്‍.സി.പി കൂടി സി.പി.എമ്മിനൊപ്പം കൂടിയതോടെ ചേരിതിരിവ് പരസ്യമായി.
സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന, ജില്ലാ നേതൃത്വങ്ങളും എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വവും ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കാതെ വന്നതോടെ കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഇക്കുറി സി.പി.എം- സി.പി.ഐ മത്സരത്തിന് കളമൊരുങ്ങി. നാലു സീറ്റുകളിലാണ് മത്സരം.
2015ലെ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണിത്. അന്ന് സി.പി.ഐ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും ചേര്‍ന്ന് ഇടതു മുന്നണിയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നാണ് സി.പി.എമ്മിന്റെ ആക്ഷേപം. ഇപ്രാവശ്യവും അതു തന്നെയാണ് ആവര്‍ത്തിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. സമാന അഭിപ്രായവുമായി എന്‍.സി.പി ജില്ലാ നേതൃത്വം കൂടി രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രാഥമിക ചര്‍ച്ചയില്‍ സി.പി.എം- അഞ്ച്, സി.പി.ഐ- മൂന്ന്, കേരള കോണ്‍ഗ്രസ് ജോസ് പക്ഷം- രണ്ട്, എന്‍.സി.പി- ഒന്ന്, ജനതാദള്‍ (എസ്)- ഒന്ന്, സി.പി.ഐ (എം.എല്‍) റെഡ് ഫ്‌ളാഗ് - ഒന്ന് എന്ന നിലയിലായിരുന്നു ധാരണ.
എന്നാല്‍ ജനതാദള്‍ (എസ്) 2015ല്‍ ജയിച്ച നാലാം വാര്‍ഡില്‍ സി.പി.ഐ അവകാശവാദമുന്നയിച്ചു. ഇവിടെ ജനതാദള്‍ (എസ്) സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനാല്‍ത്തന്നെ അവര്‍ സീറ്റ് വിട്ടുകൊടുത്തില്ല.
അതേസമയം കോഴഞ്ചേരിയില്‍ ഇടതുസഖ്യം തകര്‍ത്തത് സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ പിടിവാശിയാണെന്നാണ് സി.പി.ഐയുടെ വാദം. കഴിഞ്ഞ തവണ ജയിച്ച നാലു സീറ്റുകളിലൊന്ന് കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിനുവേണ്ടി വിട്ടുകൊടുക്കാന്‍ തയാറായിട്ടും ജനറല്‍ വാര്‍ഡ് നല്‍കാന്‍ സി.പി.എം തയാറാകാതെ വന്നതാണ് പ്രശ്‌നത്തിന് കാരണമെന്നും അവര്‍ വിശദീകരിക്കുന്നു. വിജയസാധ്യത കുറഞ്ഞ മൂന്നു വനിതാ സംവരണ സീറ്റുകള്‍ നല്‍കി തങ്ങളെ സി.പി.എം ഒതുക്കിയെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."