ലാമിനേറ്റ് ചെയ്ത കാര്‍ഡുകള്‍ക്ക് വിട; ഓഗസ്റ്റ് മുതല്‍ ലൈസന്‍സ് പുതിയ രൂപത്തില്‍
ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ പിറ്റേന്ന് തന്നെ ലൈസന്‍സ് ലഭിക്കും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മാനദണ്ഡങ്ങളനുസരിച്ചുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ അടുത്ത മാസം മുതല്‍ ലഭിക്കും. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുള്ള പുതിയ ലൈസന്‍സ് ലഭ്യമാക്കാന്‍ കേന്ദ്ര ഗതാഗത വകുപ്പിന്റെ സാരഥി സോഫ്റ്റ്വെയര് സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് മാറിക്കൊണ്ടിരിക്കുകയാണ്. സോഫ്റ്റ് വെയര്‍ മാറുന്നതു കാരണം അപേക്ഷിച്ചവര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതും വൈകുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ അരലക്ഷത്തോളം അപേക്ഷകള്‍ ഇത്തരത്തില്‍ സംസ്ഥാനത്തെ ആര്.ടി ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റോടെ പുതിയ രീതിയിലുള്ള ലൈസന്‍സുകള്‍ ലഭ്യമാക്കിത്തുടങ്ങും.
മേഖലാ ആര്.ടി ഓഫിസുകള്‍ വഴി നേരത്തെ നല്കിക്കൊണ്ടിരുന്ന ലാമിനേറ്റ് ചെയ്ത ലൈസന്‍സുകള്‍ ഇനി ഉണ്ടാകില്ല. പുതിയ രീതിയില്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ആര്.ടി, സബ് ആര്.ടി ഓഫിസുകളില്‍ നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സാരഥി സംവിധാനം നിലവില്‍ വന്നാല്‍ ഡ്രൈവിങ് ടെസ്റ്റ് പാസായി പിറ്റേന്നു തന്നെ ലൈസന്‍സ് നല്‍കാനാകുമെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ പ്രതീക്ഷ.
നിലവില്‍ ടെസ്റ്റ് പാസാകുന്നവര്‍ക്ക് പേപ്പര്‍ രൂപത്തിലുള്ള താല്‍ക്കാലിക ലൈസന്‍സാണ് നല്‍കുന്നത്.
വാഹന്‍, സാരഥി എന്നീ പേരുകളിലുള്ള രണ്ട് പദ്ധതികള്‍ കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വാഹന രജിസ്ട്രേഷന് നടപടികളില്‍ കൃത്യതയും സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനാണ് വാഹന്‍ പദ്ധതി കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."