സര്‍ക്കാരുകള്‍ തൊഴിലാളി സംഘടനകളെ വിസ്മരിക്കരുത്: ആനത്തലവട്ടം ആനന്ദന്‍
കോഴിക്കോട്: തൊഴിലാളി സംഘടനകളുടെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ സര്‍ക്കാരുകള്‍ ഇത്തരക്കാരെ വിസ്മരിക്കരുതെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കല്‍ സംഘടനകളുടെ ബാധ്യതയാണ്. ഏതു സര്‍ക്കാരിന്റെ കാലത്തും ഇത്തരം വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമരങ്ങള്‍ അനിവാര്യമാണ്. ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്തും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകള്‍ സമരം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തില്‍ വികസനങ്ങള്‍ ചര്‍ച്ചയാക്കാതെ മറ്റു കാര്യങ്ങളാണ് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് വി.പി. കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലയിലെ വ്യവസായ മേഖലയിലെ പ്രശ്‌നങ്ങള്‍ അടങ്ങുന്ന രേഖ ജില്ലാ സെക്രട്ടറി പി.കെ മുകുന്ദന്‍ അവതരിപ്പിച്ചു. ടി. ദാസന്‍, വി.എ.എന്‍. നമ്പൂതിരി, രമേശന്‍, പി. സുലൈമാന്‍ സംസാരിച്ചു. ജില്ലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. ചര്‍ച്ച പരാജയപ്പെട്ടാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."