കാന്തപുരത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
താമരശ്ശേരി: പൂനൂരും കാന്തപുരത്തും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം വ്യാപകം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ചൊവ്വാഴ്ച കാന്തപുരം ജി.എല്‍.പി സ്‌കൂളിന് നേരെയുണ്ടായ അക്രമത്തില്‍ സ്‌കൂളില്‍ നിരവധി നഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. സ്‌കൂളില്‍ അതിക്രമിച്ചു കടന്ന സാമൂഹ്യ വിരുദ്ധര്‍ സ്‌കൂളിന്റെ ജനല്‍ ചില്ല് എറിഞ്ഞ് തകര്‍ക്കുകയും സ്‌കൂളിലെ ബാത്ത്‌റൂമുകള്‍ മലീമസമാക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് മോഷണവും പതിവായിരുന്നു. സുബ്ഹി നിസ്‌കാരത്തിനെത്തിയ ആളുടെ ബൈക്കും അങ്ങാടിയിലെ വാടക കെട്ടിടത്തില്‍ താമസിക്കുന്ന തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണുകളും മോഷണം പോയിരുന്നു.
കാന്തപുരം അങ്ങാടിയിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതാണ് മോഷ്ടാക്കള്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും തുണയാകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസ സൗകര്യം നല്‍കുന്നവര്‍ ഇവര്‍ക്ക് താമസ രേഖകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും പൊലിസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
കാന്തപുരത്ത് വര്‍ധിച്ചു വരുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി അങ്ങാടി കേന്ദ്രീകരിച്ച് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ പ്രവര്‍ത്തന സമയത്തിന് ശേഷം സ്‌കൂളില്‍ ആളുകള്‍ കയറുന്നത് കര്‍ശനമായി നിരോധിക്കാനും അങ്ങാടിയിലും പരിസരങ്ങളിലുമുള്ള ലഹരി വില്‍പനയും ഉപയോഗവും കര്‍ശനമായി നിരീക്ഷിക്കണമെന്നും നിയന്ത്രിക്കണമെന്നും യോഗത്തില്‍ തീരുമാനമുയര്‍ന്നു. സ്‌കൂളിന് നേരെ നടന്ന അക്രമത്തില്‍ സര്‍വകക്ഷി യോഗം പ്രതിഷേധിച്ചു. സ്‌കൂളിന് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ശക്തമായി ചെറുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വാര്‍ഡ് മെംബര്‍ എ.പി രാഘവന്‍ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് അജി,ഫസല്‍ വാരിസ്, നാസര്‍ മേപ്പാട്ട്, രാജന്‍ മാണിക്കോത്ത്, വി.പി ഇബ്രാഹിം, സുനില്‍ കുമാര്‍, ജലീല്‍.കെ, നവാസ് മേപ്പാട്ട്, ഹിദായത്തുല്ല, സുല്‍ഫീക്കര്‍ ഇബ്രാഹിം, ജയന്‍, ലിനീഷ്, ഹംസ പി.കെ, രാജന്‍ പി.സി, ജമാല്‍ കെ, നൗഫല്‍ എ.പി, ലിപിന്‍, ലത്തീഫ് തബൂക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."