കൊളത്തൂരില്‍ തെരുവു നായ ശല്യം രൂക്ഷം
കൊളത്തൂര്‍: ടൗണിലും പരിസരങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. പുലര്‍ച്ചെയുള്ള സവാരിക്കാരും മദ്റസ വിദ്യാര്‍ഥികളും ഏറെ ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. കൊളത്തൂര്‍ കുറുപ്പത്താല്‍ ടൗണിലാണ് കൂടുതലായും തെരുവ് നായകളെ കാണപ്പെടുന്നത്. റോഡിനു കുറുകെയുള്ള തെരുവ് നായ്ക്കളുടെ ഓട്ടം വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഇരു ചക്രവാഹന യാത്രക്കാര്‍ വീഴുന്നതും ഈ പ്രദേശങ്ങളില്‍ നിത്യസംഭവമാണ്. കുറുപ്പത്താല്‍ ടൗണ്‍, പഴയ പൊലിസ് സ്റ്റേഷന് പ്രദേശമായ വില്ലേജ്പടി എന്നീ പ്രദേശങ്ങളിലാണ് തെരുവ് നായ ശല്യം വര്‍ധിച്ചു കൊണ്ടിരിക്കുന്നത്. രാത്രി കാലമായാല്‍ റോഡിന് നടുവിലാണ് നായ്ക്കളുടെ കിടപ്പ്.
മൂര്‍ക്കനാട് പഞ്ചായത്തിലെ പഴയ പൊലിസ് സ്റ്റേഷന് പരിസരത്ത് തെരുവ് വിളക്കുകള്‍ നിലച്ചിട്ട് മാസങ്ങള്‍ ഏറെയായി. സമീപത്ത് തെരുവ് നായ ശല്യത്താല്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നതും ഈ പ്രദേശം തന്നെയാണ്. ഈ വിഷയത്തില്‍ സമീപിക്കുന്നവരോട് പഞ്ചായത്ത് അധികൃതരുടെ അധീനതയിലാണ് തെരുവ് വിളക്കുകള്‍ എന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്ന മറുപടി. രാത്രി കാലമായാല്‍ വീടുകളില്‍ നിന്നും ഏറെ ഭയത്തോടെയാണ് ആളുകള്‍ പുറത്തിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."