സ്‌കൂളുകളില്‍ നേച്വര്‍ ക്ലബുകളുടെ നേതൃത്വത്തില്‍ ഔഷധ ഉദ്യാനം നിര്‍മിക്കും
തൊടുപുഴ: ഇടുക്കി ജില്ലയിലെ എല്ലാ സ്‌കൂള്‍ നേച്വര്‍ ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ ഔഷധ ഉദ്യാനം നിര്‍മിക്കുവാന്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ നടത്തിയ അധ്യാപക ശില്പശാല തീരുമാനിച്ചു. സ്‌കൂളുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുവാനും പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുവാനും തീരുമാനിച്ചു.
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഒരുമാസക്കാലം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനപരിപാടികള്‍ക്ക് രൂപം നല്‍കി. ഔഷധ ഫലവൃക്ഷത്തൈകളുടെ തയ്യാറാക്കലും, നടീലും പരിപാലനവും, ജൈവവേലി തയ്യാറാക്കല്‍, ചെറുതും വലുതുമായ ജലസംഭരണികള്‍ നിര്‍മ്മിക്കല്‍, കിണറുകളുടെയും കുഴല്‍കിണറുകളുടെയും റീചാര്‍ജ്ജിംഗ്, തോട്, പുഴ എന്നിവയുടെ ശുചീകരണവും വശങ്ങളില്‍ മുളയും മറ്റ് സസ്യങ്ങളും നട്ട്പിടിക്കുകയും ചെയ്യല്‍, പച്ചക്കറി, കരനെല്ല്, ചേന, കപ്പ, മറ്റ് കിഴങ്ങ്-പഴവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യല്‍, പക്ഷി-ശലഭപാര്‍ക്ക്, നക്ഷത്രവനം, കര്‍ഷകരുമായി സംവദിക്കുകയും നാട്ടറിവുകള്‍ പങ്കുവയ്ക്കുകയും മികച്ച കുട്ടികര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യല്‍, മഴനടത്തം, മഴപ്പാട്ടുകള്‍, സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കല്‍, ഫ്‌ളക്‌സിന് പകരം പ്രകൃതിയിലെ ഇലകള്‍ ഉപയോഗിച്ചുള്ള പ്രചരണപരിപാടികള്‍, ചക്കസംസ്‌കരണം, നാടന്‍ ഭക്ഷ്യമേള തുടങ്ങിയ വിവിധ പരിപാടികളാണ് സ്‌കൂള്‍ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബുകള്‍ മുഖേന നടപ്പിലാക്കുന്നത്.
ഇടുക്കി സോഷ്യല്‍ ഫോറസ്റ്ററി ഡിവിഷനാണ് ജൈവവൈവിധ്യ ബോര്‍ഡുമായി ചേര്‍ന്ന് ജൈവവൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് ഈ ശില്പശാല സംഘടിപ്പിച്ചത്. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എം. ഷാഹുല്‍ഹമീദ് ഉദ്ഘാടന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ന്യൂമാന്‍ കോളജ് ബര്‍സാര്‍ ഫാ. തോമസ് പൂവത്തിങ്കല്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. റിട്ട. ജന്തുശാസ്ത്രമേധാവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. ഷാജു തോമസ് മുഖ്യപ്രഭാഷണം നടത്തി.
സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ സാജു വര്‍ഗീസ്, ജൈവവൈവിധ്യബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.രവീന്ദ്രന്‍, സോഷ്യല്‍ ഫോറസ്റ്ററി റേഞ്ച് ഓഫീസര്‍ ചിന്നു ജനാര്‍ദ്ദനന്‍, ന്യൂമാന്‍ കോളജ് ബയോഡൈവേഴ്‌സിറ്റി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാജു എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലയില്‍ പങ്കെടുത്ത എല്ലാവരുടെയും പങ്കാളിത്തത്തോടെയുള്ള ചര്‍ച്ചകളിലും അവതരണങ്ങളിലൂടെയുമാണ് പ്രവര്‍ത്തനപരിപാടികള്‍ക്ക് മാര്‍ഗ്ഗരേഖ തയ്യാറാക്കിയത്. ജില്ലയുടെ എല്ലാഭാഗങ്ങളില്‍നിന്നുമായി നൂറോളം അധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."