കോടികള്‍ ചെലവിട്ട് നിര്‍മിച്ചു; ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുവര്‍ഷം മുണ്ടൂര്‍ ബസ് സ്റ്റാന്റ് സാമൂഹ്യവിരുദ്ധരുടെ താവളം
മുണ്ടൂര്‍: പാലക്കാട്-കോഴിക്കോട് ദേശീയപാതയും ചെര്‍പ്പുളശ്ശേരി-പാലക്കാട് സംസ്ഥാനപാതയും സംഗമിക്കുന്ന മുണ്ടൂരില്‍ നിര്‍മാണം പൂര്‍ത്തിയായ ബസ് സ്റ്റാന്റ് നോക്കുകുത്തിയാവുന്നു. മുണ്ടൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ കെ.എസ് സലീഖയുടെ 2011-12 പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച ബസ് സ്റ്റാന്റിപ്പോള്‍ സാമൂഹ്യവിരുദ്ധരുടെയും മദ്യപാന്മാരുടെയും താവളമായിരിക്കുകയാണ്. 2011 ഒക്‌ടോബര്‍ രണ്ടിന് അന്നത്തെ പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം കഴിച്ചെങ്കിലും ഏഴു വര്‍ഷമാകുമ്പോഴും ബസ് സ്റ്റാന്റില്‍ ബസുകള്‍ കയറാത്ത സ്ഥിതിയാണ്.
മുന്‍വശത്തും അകത്തുമായി 22 ഓളം കടമുറികള്‍ പണികഴിഞ്ഞിട്ടുണ്ടെങ്കിലും മുകള്‍ഭാഗത്തെ നിര്‍മാണം പാതിനിലയിലാണ്. മലമ്പുഴ എ.എല്‍.എ കൂടിയായിരുന്ന വി.എസ് അച്യുതാനന്ദന്റെ 2012-13 പ്രാദേശിക വികസനഫണ്ടും ബസ്റ്റാന്റിനു വേണ്ടി ചെലവഴിച്ചിട്ടുണ്ട്. മുണ്ടൂര്‍-ചെര്‍പ്പുളശ്ശേരി റൂട്ടില്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്‍വശത്തായിട്ടാണ് മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് പണിതിട്ടുള്ളത്.
പാലക്കാട്‌നിന്നും ചെര്‍പ്പുളശ്ശേരി, തൂത വഴി പെരിന്തല്‍മണ്ണ, ശ്രീകൃഷ്ണപുരം, കോങ്ങാട് വഴി പത്തിരിപ്പാല, പറളി എന്നിവിടങ്ങളിലേക്കായി നിരവധി ബസുകളാണ് മുണ്ടൂര്‍ - ചെര്‍പ്പുളശ്ശേരി റോഡിലൂടെ കടന്നുപോവുന്നത്. ബസ് സ്റ്റാന്റ് ഉപയോഗശൂന്യമായതോടെ സ്റ്റാന്റിനകത്തേക്ക് ചരക്കുവാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് കേന്ദ്രവുമായിരിക്കുകയാണ്. സ്റ്റാന്റിന്റെ കിഴക്കുഭാഗത്തു നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷനും അടഞ്ഞുകിടക്കുകയാണ്.
ബസുകള്‍ കയറാത്തതിനാലും സമീപം ഒഴിഞ്ഞ പ്രദേശമായതിനാലും രാപകലന്യേ ഇവിടെ എന്തും നടക്കുമെന്ന സ്ഥിതിയാണ്. സന്ധ്യ മയങ്ങുന്നതോടെ സ്റ്റാന്റിനകം മദ്യപാനത്തിന്റെയും അനാശാസ്യത്തിന്റെയും പറുദീസയായി മാറിയിരിക്കുകയാണ്. ബസ് സ്റ്റാന്റിനകത്തേക്ക് ബസുകളെത്താത്തതിനാല്‍ കടമുറികള്‍ അടഞ്ഞുകിടക്കുകയാണ്. ഇതോടെ പഞ്ചായത്തിന് വര്‍ഷം തോറും വന്‍സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്.
മുണ്ടൂര്‍-ചെര്‍പ്പുളശ്ശേരി റൂട്ടീല്‍ യാത്ര ചെയ്യുന്നവര്‍ മുണ്ടൂര്‍ ബസ് സ്റ്റാന്റ് ഒരു കാഴ്ചവസ്തുവായി മാറിയിരിക്കുകയാണ്. കോടികള്‍ ചെലവിട്ട് നിര്‍മിച്ച ബസ്റ്റാന്റിലേക്ക് ബസുകള്‍ കയറാത്തതിനെതിരേ പഞ്ചായത്ത് അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്. കാത്തിരിപ്പു കേന്ദ്രം പോലുമില്ലാത്തതിനാല്‍ ദീര്‍ഘദൂര ബസുകളുള്‍പ്പടെ മിക്ക ബസുകളും മുണ്ടൂര്‍ ജങ്ഷനില്‍ നിര്‍ത്തിയിടുന്ന സ്ഥിതിയാണ്. നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞിട്ടും ബസുകള്‍ കയറാത്ത മുണ്ടൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."