മദീനയിലെ മസ്ജിദുല്‍ ഖുബാഅ് മുഴു സമയം തുറന്നിടും
മദീന: പ്രവാചക നഗരിയിലെ അതിപ്രധാന പള്ളികളിലൊന്നായ മസ്ജിദുല്‍ ഖുബാഅ് സദാ സമയവും തുറന്നിടും. മദീന സന്ദര്‍ശനത്തിനിടെ ഇവിടെയെത്തിയ സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ഏകോപനം നടത്തി എത്രയും വേഗം രാജാവിന്റെ നിര്‍ദേശം നടപ്പിലാക്കും. അടുത്ത റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ (നവംബര്‍ 9) ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്മാന് രാജകുമാരന് അറിയിച്ചു. നിലവില്‍ ദിനേന നിശ്ചിത സമയം മാത്രമാണ് മസ്ജിദുല്‍ ഖുബാഅ് വിശ്വാസികള്‍ക്കായി പള്ളി തുറന്നിടുന്നത്.
പ്രവാചകന് മുഹമ്മദ് നബി(സ) ആദ്യമായി നിര്‍മിച്ച ആരാധനാലയമായ മസ്ജിദുല്‍ ഖുബാഅ് ഏറെ പുണ്യമുള്ള പള്ളികളിലൊന്നാണ്. ഇസ്ലാമിക ചരിത്രത്തില്‍ ആദ്യം നിര്‍മിച്ച പള്ളിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. അവിടെവെച്ചാണ് ജമാഅത്ത് നിസ്കാരത്തിനുള്ള പ്രഖ്യാപനമുണ്ടായതും ആദ്യമായി ജമാഅത്തായി നിസ്കരിച്ചതുമെന്നാണ് ചരിത്രം. ഖുബാഅ് പള്ളിയില്‍ വന്ന് നിസ്കരിക്കുന്നവര്‍ക്ക് ഉംറ ചെയ്തവന്റെ പ്രതിഫലമുണ്ടെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇതിനാല്‍ തന്നെ, മദീനയിലെത്തുന്ന തീര്‍ത്ഥാടകരുടെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളിലൊന്നാണ് മസ്ജിദുല്‍ ഖുബാഅ്. ഖുബാഅ് മസ്ജിദിലെത്തിയ രാജാവിനെ ഖുബാഅ് മസ്ജിദ് ഇമാമും ഖതീബുമായ ശൈഖ് ഡോ.സ്വാലിഹ് അല്മഗാംസിയും മസ്ജിദിലെ മറ്റു ഇമാമുമാരും മുഅദ്ദിനുമാരും ചേര്‍ന്ന് സ്വീകരിച്ചു. മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്മാന് രാജകുമാരന്, സഹമന്ത്രി ഡോ. മന്‍സൂര്‍ ബിന്‍ മിത്അബ് രാജകുമാരന്, അല്‍ബാഹ ഗവര്‍ണര്‍ ഡോ.ഹുസാം ബിന്‍ സൗദ് രാജകുമാരന്, റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് രാജകുമാരന് തുടങ്ങി നിരവധി രാജകുമാരന്മാര് രാജാവിനെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."