വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; സി.എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടിസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ 10ാം തീയതി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.എം രവീന്ദ്രന് ഇഡി നോട്ടിസ് നല്‍കി. ഇത് മൂന്നാം തവണയാണ് രവീന്ദ്രന് നോട്ടിസ് നല്‍കുന്നത്.
ലൈഫ് മിഷന്‍,കെ ഫോണ്‍,സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.ഇതിനിടെ രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വടകരയിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍ ഇ.ഡി. ഇന്ന് റെയ്ഡ് നടത്തിയിരുന്നു.
നവംബര്‍ ആറിനാണ് ഇ.ഡി അദ്ദേഹത്തിന് ഹാജരാകാന്‍ ആദ്യം നോട്ടീസ് നല്‍കുന്നത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രവീന്ദ്രന് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ട് എന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ആശുപത്രി വിട്ട ശേഷം വീണ്ടും ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ, നോട്ടീസ് നല്‍കി വീണ്ടും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാണിച്ചായിരുന്നു വീണ്ടും ചികിത്സ തേടിയത്.
നേരത്തെ രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും രവീന്ദ്രന്‍ ഹാജരാകാതിരുന്നത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വീണ്ടും ഡിസംബര്‍ 10 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."