തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലേക്ക്
പാവറട്ടി : പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക വിവരങ്ങള്‍ അറിയാനുള്ള അവകാശവും പൊതുസ്ഥാപനങ്ങള്‍ക്ക് അവ അറിയിക്കാനുള്ള ബാധ്യതയും സൃഷ്ടിച്ച് നിലവില്‍ വന്ന വിവരാവകാശ നിയമം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു.
വിവരാവകാശ നിയമത്തിലെ പഴുതുകള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നതാണ് പ്രവര്‍ത്തനത്തെ കീഴ്‌മേല്‍ മറിക്കുന്നത്. 2000 ല്‍ രൂപംകൊണ്ട വിവര സ്വാതന്ത്ര്യബില്‍ 2005 മെയ് 11 ന് ലോക്‌സഭ പാസ്സാക്കുകയും ജൂണ്‍ 15 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തതിനാല്‍ ഒക്‌ടോബര്‍ 12 നാണ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മേഖല സുതാര്യമാക്കുന്നതിനായി നിലവില്‍ വന്ന വിവരാവകാശ നിയമം ഇന്ന് സ്ഥാപനങ്ങള്‍ക്ക് ബാധ്യതയാകുന്നു. നാടിന്റെ വികസന പ്രവര്‍ത്തനത്തിന് വിഘാതമായി വലിയ മാഫിയ സംഘങ്ങള്‍ കൂടി ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏറ്റവും ദോശകരമായി ബാധിക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ്.
വിവരാവകാശത്തിനുള്ള ഫീസ് വളരെ കുറവായതും ദാരിദ്രരേഖയ്ക്ക് സൗജന്യമായതും മാഫിയ സംഘങ്ങള്‍ക്ക് കരുത്തുപകരുന്നുണ്ട്. മാഫിയകള്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരെ മുന്‍നിറുത്തിയാണ് കരുക്കള്‍ നീക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് പാലങ്ങളോ, റോഡുകളോ നിര്‍മ്മിച്ച് കഴിഞ്ഞാല്‍ ഉടനെ ഇത്തരക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വിവരാവകാശം ചോദിക്കുകയും വിവരാവകാശം പിന്‍വലിക്കുന്നതിനായി കരാറുകാരന്‍ ഇവരെ കണ്ട് അവര്‍ ചോദിക്കുന്ന കമ്മീഷന്‍ നല്‍കുകയും ചെയ്യുന്നു.
ഇവരുടെ ഫീസ് കൂടി കണക്കിലെടുത്ത് ക്വട്ടേഷന്‍ നല്‍കേണ്ട അവസ്ഥയിലേക്ക് കരാറുകാരന്‍ എത്തിയിരിക്കുന്നു. കാരണം നേരായ രീതിയില്‍ തന്നെയാണ് പണികള്‍ നടത്തിയിട്ടുള്ളതെങ്കിലും വിവരാവകാശം ചോദിക്കലും മറുപടി നല്‍കലും ഇതിന് പിന്നിലെ നൂലാമാലകളും കൂടി കഴിഞ്ഞ് വേണം കരാറുകാരന് ബില്‍തുക ലഭിക്കാന്‍. അതുവരെ ലക്ഷങ്ങള്‍ വരുന്ന ബില്‍തുക കെട്ടിക്കിടക്കുന്നതിനാല്‍ അതൊഴിവാക്കാന്‍ കരാറുകാരന്‍ ഇവര്‍ക്കും ഫീസ് നല്‍കേണ്ട അവസ്ഥയിലാണ്. ഇത് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കണ്ടുവരുന്നു. ഇതിന് പുറമെ വെറുതേ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കാന്‍ വിവരാവകാശം ചോദിക്കുന്നവരുമുണ്ട്.
വിവരാവകാശത്തിന് മറുപടി നല്‍കാന്‍ നിശ്ചിത സമയത്തിന് ശേഷം വൈകുന്നതിന് അനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഓരോ ദിവസത്തിന് 250 രൂപ വെച്ച് 25,000 രൂപവരെ ചോദ്യകര്‍ത്താവിന് ഫൈന്‍ കൊടുക്കേണ്ടി വരുമെന്നുള്ളതിനാല്‍ കൂടുതലായി വിവരാവകാശത്തിലേക്ക് ശ്രദ്ധ ചൊലുത്തേണ്ടി വരുന്നത് ഓരോ ഓഫീസുകളിലും ചുവപ്പ് നാടയില്‍ കുടുങ്ങുന്ന ഫയലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. പാവറട്ടി ഗ്രാമപഞ്ചായത്തില്‍ ഒരാളുടെ വിവരാവകാശത്തിന് മറുപടി നല്‍കണമെങ്കില്‍ ജൂനിയര്‍ സൂപ്രണ്ട്, സെക്രട്ടറി, ക്ലാര്‍ക്ക് എന്നിവര്‍ തുടര്‍ച്ചയായി ആറ് ദിവസം ഒന്നിച്ചിരുന്നാലെ മറുപടി നല്‍കാന്‍ കഴിയു.
ഇത്തരം രീതിയിലാണ് എല്ലാ സ്ഥാപനങ്ങളിലേയും അവസ്ഥ. സാധാരണക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവരെയും ഇതിന് പിന്നില്‍ വന്‍ലാഭം കൊയ്യുന്ന മാഫിയസംഘങ്ങളെയും നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെത്തില്ലെങ്കില്‍ തുടര്‍വര്‍ഷങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മേഖല ആകെ താറുമാറാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."