പിന്നില്‍ സി.പി.എമ്മെന്ന് ആര്‍.എസ്.പി
ചവറ: ആര്‍.എസ്.പി നേതാവിന്റെ വീടിനു നേരെ സംഘം ചേര്‍ന്ന് എത്തിയവരുടെ ആക്രമം. ആക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ആര്‍.എസ്.പി നേതാക്കള്‍ ആരോപിച്ചു. മാരകായുധങ്ങളുമായെത്തിയ 25 ഓളംപേരടങ്ങിയ സംഘമാണ് അക്രമം നടത്തിയത്. ഇന്നലെ പകല്‍ ഒരുമണിയോടെ ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റിയംഗവും ആര്‍.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കരിത്തുറ കസ്പാര്‍ പുരയിടത്തില്‍ ജസ്റ്റിന്‍ ജോണിന്റെ വീടിനു നേരെയായിരുന്നു ആക്രമണം. വീട്ടിനുള്ളില്‍ കടന്ന് കസേരകള്‍, വീട്ടിനു മുന്നിലുണ്ടായിരുന്ന ബൈക്ക്, സൈക്കിള്‍ എന്നിവ തകര്‍ത്തു.
സംഭവസമയം ജസ്റ്റിന്റെ മാതാവ് ഡെയ്‌സി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിനു മുന്നിലെ ബഹളം കേട്ട് പുറത്തിറങ്ങിയപ്പോള്‍ മാരകായുധങ്ങളുമായി ഒരു സംഘം പേര്‍ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് ഡെയ്‌സി പറഞ്ഞു. മകനെ തിരക്കിയ ഇവര്‍ കൊല്ലുമെന്ന് ആക്രോശിച്ചപ്പോള്‍ മകന്‍ ഇവിടെ ഇല്ലെന്ന് പറഞ്ഞങ്കിലും വീട്ടിനുള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു. അക്രമികാരികളെ കണ്ട് ഭയന്ന് നിലവിളിച്ച ഡെയ്‌സി അടുക്കള വാതില്‍ വഴി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും അക്രമി സംഘം ബൈക്കുകളില്‍ കയറി രക്ഷപെട്ടു.
നീണ്ടകര ഗ്രാമ പഞ്ചായത്തംഗവും സി.പി.എം പ്രവര്‍ത്തകനുമായ അന്റോണിയോ വില്യത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പൊലിസിനോട് പറഞ്ഞു. പരാതിയെ തുടര്‍ന്ന് അന്റോണിയോ വില്യത്തെ പൊലിസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങള്‍ക്ക് മുന്‍പ് ചവറ മുകുന്ദപുരത്ത് ആര്‍.എസ്.പി ജില്ലാ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ വഴി തര്‍ക്കത്തിന്റെ പേരില്‍ അക്രമം നടന്നിരുന്നു. ഏഴ് വീട്ടുകാരുടെ മതിലുകളും വേലികളുമാണ് തകര്‍ത്തത്. ഇതേ തുടര്‍ന്ന് അടുത്ത ദിവസം വൈകിട്ട് കൊട്ടുകാട്ടില്‍ ആര്‍.എസ്.പി പ്രതിഷേധ പ്രകടനവും യോഗവും നടത്തിയിരുന്നു. പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തത് ചവറ മണ്ഡലം സെക്രട്ടറിയുടെ ചാര്‍ജ് കൂടി വഹിക്കുന്ന ജസ്റ്റിന്‍ ജോണായിരുന്നു.
സി.പി.എമ്മിനും ഏരിയാ സെക്രട്ടറിക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ നടത്തിയത്. ഇതിന്റെ പ്രതിഷേധമാണ് അക്രമത്തിന് പിന്നിലെന്ന് ജസ്റ്റിന്‍ ജോണ്‍ പറഞ്ഞു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരും ആര്‍.എസ്.പി പ്രവര്‍ത്തകരും അക്രമത്തില്‍ പ്രതിഷേധിച്ച് ഐ.ആര്‍.ഇയിലേക്ക് മണ്ണുമായി വന്ന വാഹനങ്ങള്‍ തടഞ്ഞിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി എന്നിവരുള്‍പ്പടെ നേതാക്കള്‍ സംഭവസ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."