പുല്ലുവിളയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
വിഴിഞ്ഞം: തെരുവ് നായ്ക്കള്‍ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ പുല്ലുവിളയില്‍ മാലിന്യ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ഇന്നലെ രാവിലെ മുതല്‍ തീരം ശുചിയാക്കാന്‍ സജീവമായി രംഗത്തിറങ്ങി.തീരദേശത്തും റോഡിലും കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ അവിടവിടെ കൂട്ടിയിട്ട് കത്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്.
രണ്ട് ദിവസം കൊണ്ട് പ്രദേശത്തെ ശുചീകരിച്ച് തെരുവു നായ്ക്കളുടെ ഭക്ഷണം തടയലാണ് ലക്ഷ്യം. എന്നാല്‍ മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്തതിനാല്‍ തീരദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലവത്താകില്ലെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത് .ഒന്നും രണ്ടും സെന്റ് വസ്തുവില്‍ വീടുകള്‍ വച്ച് കൂട്ടമായി താമസിക്കുന്ന ഇവിടത്തുകാര്‍ക്ക് കക്കൂസ് നിര്‍മിക്കാന്‍ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്.
മത്സ്യത്തിന്റെയും മാംസത്തിന്റെയും അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും കടല്‍ക്കരയില്‍ നിക്ഷേപിക്കുകയാണ് പതിവ്. ഇവ തിന്ന് കൊഴുക്കുന്ന നായ്ക്കൂട്ടങ്ങളാണ് ഇപ്പോള്‍മനുഷ്യര്‍ക്ക് വിനയായത്. മാസങ്ങള്‍ക്ക് മുന്‍പ് ശിലുവമ്മയെ നായ്ക്കള്‍ ആക്രമിച്ച് വക വരുത്തിയപ്പോള്‍ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ എത്തിയ നേതാക്കളും അധികൃതരും പൊതു കക്കൂസ് ഉള്‍പ്പെടെയുള്ളവ നിര്‍മിച്ച് പുല്ലുവിളയെ മാലിന്യമുക്തമാക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഒന്നും നടന്നില്ല.
പഞ്ചായത്ത് ഫണ്ട് പോലും ഈ മേഖലയില്‍ കാര്യമായിഎത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. ശിലുവമ്മക്ക് പിന്നാലെ കഴിഞ്ഞ ദിവസം ജോസ് ക്ലിനെ തെരുവ് നായ്ക്കള്‍ വകവരുത്തിയപ്പോഴും ചര്‍ച്ചകള്‍ പഴയ ശൈലിയില്‍ തന്നെ നടന്നു.രണ്ട് ദിവസത്തിനുള്ളില്‍ മാലിന്യം നീക്കം ചെയ്യാമെന്നും നായ്ക്കളെ തുരാത്താമെന്നുമൊക്കെ ഉറപ്പ് നല്‍കിയെങ്കിലും സ്ഥിരം സംവിധാനങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് മിണ്ടാട്ടമില്ല.
പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന നായകളെ തുരത്താന്‍ കഴിഞ്ഞ ദിവസം നാല് പേര്‍ തയ്യാറായി എത്തിയെങ്കിലും അധികൃതരുടെ യോ നാട്ടുകാരുടെയോ മതിയായ പിന്തുണ കിട്ടാതെ അവര്‍ പിന്‍ വാങ്ങിയതായാണ് അറിയുന്നത്.പട്ടികളെ പിടികൂടാന്‍ വൈദഗ്ധ്യമുള്ളവരെ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഉടന്‍ എത്തിക്കുമെന്നാണ ്പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."