സഭാ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി
തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ വിധി നടപ്പാക്കാന്‍ സുപ്രിംകോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി. ഇരു സഭകളെയും ഒരുമിച്ചിരുത്തി നാളെ തിരുവനന്തപുരത്ത് മധ്യസ്ഥ ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
ഇതു സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷനായ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഇരു സഭാ പ്രതിനിധികളെയും നേരിട്ട് വിളിച്ച് ചര്‍ച്ചയ്ക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭ ഈ ക്ഷണം നിരസിക്കുകയായിരുന്നു. സുപ്രിംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയ ശേഷമേ ചര്‍ച്ചയ്ക്കുള്ളൂവെന്നും അവര്‍ അറിയിച്ചു. ഇതോടെയാണ് സമവായ ചര്‍ച്ച അനിശ്ചിതത്വത്തിലായത്. സഭാ തര്‍ക്ക വിഷയത്തില്‍ കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വീണ്ടുമൊരു ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു. മൂന്നാം തവണയാണ് സര്‍ക്കാര്‍ ഇരു വിഭാഗങ്ങളെയും ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. കഴിഞ്ഞ തവണയും ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നിരുന്നു.
കോടതിവിധി തങ്ങള്‍ക്ക് അനുകൂലമായതിനാല്‍ ഉപസമിതിക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നുമുള്ള നിലപാടാണ് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. സുപ്രിംകോടതി വിധി അനുസരിക്കാത്തവരുമായി ചര്‍ച്ചയ്ക്കില്ല. വിധി നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കുന്നു. അതേസമയം, ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി യാക്കോബായ നേതൃത്വം അറിയിച്ചു.
പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."