അര്‍ബുദം പ്രധാന ആരോഗ്യ പ്രശ്‌നമായി മാറി: ഗവര്‍ണര്‍
കട്ടാങ്ങല്‍ (കോഴിക്കോട്): കേരളത്തിലെ പ്രധാന ആരോഗ്യ പ്രശ്‌നമായി അര്‍ബുദം മാറിയിരിക്കുകയാണെന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കാന്‍സര്‍ ചികിത്സകരുടെ മൂന്നു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ചൂലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യരുടെ ഏറ്റവും വലിയ ഭീഷണിയായി മാറിയ കാന്‍സര്‍ സ്ത്രീകളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ഇതിനു കാരണം ജീവിത ശൈലിയില്‍ വന്ന മാറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.സി.സി യില്‍ ഒരു മണിക്കൂര്‍ ചെലവഴിച്ചപ്പോള്‍ രോഗം ബാധിച്ച നിരവധി ചെറിയ കുട്ടികളെ കാണാന്‍ കഴിഞ്ഞു. കാന്‍സര്‍ ചികിത്സ ഇന്ന് ചെലവേറിയതാണ്. മരുന്നുകള്‍ക്ക് ഉയര്‍ന്ന വില നല്‍കണം. ചികിത്സാരീതി ശക്തിപ്പെടുത്തണം. ഈ മേഖലയിലെ ഡോക്ടര്‍മാരുടെ സംഭാവനകള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷനായി. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്. നാളെ ശ്വാസകോശ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചയും കാന്‍സര്‍ അതിജീവിച്ചവരുടെ സംഗമവും നടക്കും. 30ന് ആമാശയ കാന്‍സറിനെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. സി.ഇ ചാക്കുണ്ണി,എന്‍.സി അബൂബക്കര്‍. ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവം, ഡോ. ഐഷാ ഗുഹരാജ്, ഡോ. ഹേമന്ത് മല്‍ഹോത്ര, ഡോ. ജെയിം അബ്രഹാം, ഡോ.നാരായണന്‍കുട്ടി വാര്യര്‍ സംസാരിച്ചു. ഡോ. ഇഖ്ബാല്‍ അഹമ്മദ് സ്വാഗതവും വി.എ ഹസന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."