കഞ്ചാവ് കടത്താന്‍ കഴുത മുതല്‍ കാര്‍ വരെ; കേരളത്തിലേക്ക് 'ഇടുക്കി ഗോള്‍ഡ് ' ഒഴുകുന്നു
തൊടുപുഴ: സംസ്ഥാനാതിര്‍ത്തികളിലെ പരിശോധനകളെ പ്രഹസനമാക്കി കേരളത്തിലേക്ക് 'ഇടുക്കി ഗോള്‍ഡ് ' ഒഴുകുന്നു. ഹൈറേഞ്ചിലെ കാവലില്ലാത്ത ചെക്പോസ്റ്റുകളും ഇടനാഴികളും വഴിയാണ് അന്യസംസ്ഥാന കഞ്ചാവ് സംസ്ഥാനത്തേക്കെത്തുന്നത്. രണ്ടുമാസത്തിനിടയില്‍ കോടികളുടെ കഞ്ചാവാണ് എക്സൈസ്, പൊലിസ് സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പിടികൂടിയത്. ഇതില്‍ നല്ലൊരു പങ്കും മുന്‍പു കഞ്ചാവുകൃഷിക്കു പേരുകേട്ട ഇടുക്കിവഴി എത്തിയതാണ്.
ഇടുക്കിയിലെ തേവാരമെട്ട്, ചതുരംഗപ്പാറ, പതിനെട്ടാംപടി, ടോപ്പ് സ്റ്റേഷന് എന്നീ വഴികളിലൂടെയാണു വന്‍തോതില്‍ കഞ്ചാവെത്തുന്നത്.
കൂടുതലും ടോപ്പ് സ്റ്റേഷന് വഴിയാണ്. കൊടൈക്കനാലില്‍നിന്നു 18 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ കേരള അതിര്‍ത്തിയിലെത്താം. ഇതുവഴിയാണു കേരളത്തിലേക്കു തമിഴ്നാട് റേഷനും കഞ്ചാവുമെത്തുന്നത്. ദിവസേന 60-70 കഴുതകളുടെ പുറത്തായി കഞ്ചാവും അരിയും ചെക്ക് പോസ്റ്റ് കടന്നു കേരളത്തിലെത്തുന്നുണ്ടെന്നാണ് സൂചന. തമിഴ്നാട്ടില്‍ കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ ലഭിക്കുന്ന അരിച്ചാക്കിനുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്.
അന്യസംസ്ഥാനങ്ങളിലെ ഭൂരിഭാഗം കഞ്ചാവ് തോട്ടങ്ങളുടെയും പിന്നില്‍ മലയാളികളാണെന്ന വിവരമുണ്ടെങ്കിലും ഉന്നത സ്വാധീനത്താല്‍ ഇവരെ തൊടാന്‍പോലും സാധിക്കുന്നില്ലെന്നു നാര്‍ക്കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഒരു പൊതി ഇടുക്കി ഗോള്ഡിന് 300-400 രൂപയാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."