ഒന്നാം പ്രതി എസ്.ഐ. സാബുവിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങി
തൊടുപുഴ: രാജ്കുമാര്‍ കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതി എസ്.ഐ. കെ.എ. സാബുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി.
നെടുങ്കണ്ടം പൊലിസ് സ്‌റ്റേഷനിലെ ജയില്‍ മുറികള്‍, വിശ്രമമുറി, എസ്.ഐയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുറികള്‍ എന്നിവിടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
ഇന്ന് വൈകുന്നേരം ആറു വരെയാണ് ചോദ്യം ചെയ്യലിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
ഈ മാസം മൂന്നിനാണ് കെ.എ.സാബുവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ ദേവികുളം സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു.
ഇന്നലെ രാവിലെയാണ് പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
ഉച്ചയോടെ സാബുവിനെ നെടുങ്കണ്ടം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ എത്തിച്ചു.
പൊലിസുകാര്‍ നല്‍കിയിരിക്കുന്ന മൊഴിയും സാബുവിന്റെ മൊഴിയുമായി താരതമ്യം ചെയ്തുവരികയാണ് ക്രൈംബ്രാഞ്ച്. മര്‍ദനത്തില്‍ സാബുവിന്റെ പങ്ക് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു.
കസ്റ്റഡി മരണക്കേസിലെ രണ്ടും മൂന്നും പ്രതികളെ പീരുമേട് കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ സി.ബി.റെജിമോന്‍, സി.പി.ഒ ഡ്രൈവര്‍ പി.എസ്.നിയാസ് എന്നിവരെയാണ് എട്ടു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇവരെ പീരുമേട് സബ് ജയില്‍ ഒഴിവാക്കി ദേവികുളം സബ് ജയിലിലേക്ക് മാറ്റി. സാബുവിനെയും റെജിമോന്‍, നിയാസ് എന്നിവരെയും ക്രൈംബ്രഞ്ച് ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതായാണ് സൂചന.
നെടുങ്കണ്ടം പൊലിസ് സ്‌റ്റേഷനിലെ പൊലിസുകാരുടെ വിശ്രമ മുറിയില്‍ എസ്.ഐ സാബു രാജ്കുമാറിനെ മര്‍ദിച്ചപ്പോള്‍ ഇരുവരും ഒപ്പമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
വരും ദിവസങ്ങളില്‍ വനിതാ പൊലിസ് ഉള്‍പ്പെടെ അഞ്ചു പേരുടെകൂടി അറസ്റ്റ് ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."