സി.എച്ച് മുഹമ്മദ് കോയ കാലഘട്ടത്തിന്റെ ഇതിഹാസ നായകന്‍: ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിന്റെ എക്കാലത്തേയും ഇതിഹാസ നായകനാണ് സി.എച്ച് മുഹമ്മദ് കോയയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 35 വര്‍ഷം കഴിഞ്ഞിട്ടും ഇന്ന് സി.എച്ചിനെ കുറിച്ചുള്ള ഓര്‍മകള്‍ തന്റെ കണ്ണിനെ ഈറന്‍ അണിയിക്കുന്നു. നര്‍മ രസം തുളുമ്പുന്ന സി.എച്ചിന്റെയും പുത്രന്‍ എം.കെ മുനീറിന്റെയും പ്രസംഗങ്ങള്‍ കേരള നാട് അഭിമാനപൂര്‍വം നെഞ്ചിലേറ്റുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാര്‍ തുറക്കുന്ന ലാഘവത്തില്‍ ഡാമുകള്‍ തുറന്നതാണ് വെള്ളപ്പൊക്കം രൂക്ഷമായതെന്ന മുനീറിന്റെ നിയമസഭ പ്രസംഗം പിതാവിന്റെ പ്രസംഗം പോലെ ഹാസ്യം തുളുമ്പുന്നതാണ്. കേരള സഹൃദയവേദിയുടെ സി.എച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സഹൃദയ വേദി പ്രസിഡന്റ് ചാന്നാങ്കര എം.പി കുഞ്ഞ് അധ്യക്ഷനായി. മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയിലെ നല്ല പാസ്‌പോര്‍ട്ട് ഓഫിസ് ആയി തിരഞ്ഞെടുത്ത തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫിസിനെ നയിച്ച പാസ്‌പോര്‍ട്ട് ഓഫിസര്‍ ആഷിക്ക് കാരാട്ടിന് കേരള സഹൃദയ വേദിയുടെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.
ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, ജനറല്‍ സെക്രട്ടറി അഡ്വ. കണിയാപുരം ഹലിം, എ.കെ മുസ്തഫ, അഡ്വ. സിറാജുദീന്‍, എസ്.ആര്‍ ശശിധരന്‍, പരീത് ബാവ ഖാന്‍, കായംകുളം യൂനുസ്, അന്‍വര്‍ പള്ളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."