അഞ്ചാം ചര്‍ച്ചയിലും വഴങ്ങാതെ കര്‍ഷകര്‍; ബുധനാഴ്ച വീണ്ടും ചര്‍ച്ച
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധത്തിലുള്ള കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മൂന്നാം ചര്‍ച്ചയും പരാജയം. ആറാം ഘട്ട ചര്‍ച്ച ബുധനാഴ്ച നടത്താമെന്ന ധാരണയോടെ യോഗം പിരിഞ്ഞു. ബുധനാഴ്ചത്തെ യോഗത്തില്‍ പുതിയ നിര്‍ദേശം മുന്നോട്ടുവയ്ക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ നിയമം പിന്‍വലിക്കാതെ മറ്റു ചര്‍ച്ചകളിലെല്ലന്ന ഉറച്ച നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍.
'അര്‍ഥമില്ലാത്ത ചര്‍ച്ചയില്‍' കാര്യമില്ലെന്ന് പറഞ്ഞ് നേരത്തെ, കര്‍ഷകര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീടും ചര്‍ച്ച് തുടര്‍ന്ന് രാത്രി ഏഴേ കാലോടെയാണ് ഇന്നത്തെ യോഗം അവസാനിച്ചത്.
സര്‍ക്കാരിനുള്ളില്‍ ചര്‍ച്ച നടത്തിയ ശേഷം കര്‍ഷകര്‍ക്കു മുന്നില്‍ പുതിയ നിര്‍ദേശം വയ്ക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ യോഗശേഷം പറഞ്ഞു. ഇതിനായി കൂടുതല്‍ സമയം വേണമെന്ന് യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. അത് കര്‍ഷകര്‍ അനുവദിച്ചു കൊടുക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് പുതിയ കരട് തയ്യാറാക്കുമെന്നും അത് അടുത്ത യോഗത്തില്‍ വയ്ക്കുമെന്നുമാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതെന്ന് കര്‍ഷക നേതാക്കള്‍ യോഗശേഷം പറഞ്ഞു. എന്നാല്‍ നിയമം പിന്‍വലിക്കുന്ന കാര്യത്തെപ്പറ്റി സംസാരിക്കൂയെന്നാണ് ഞങ്ങള്‍ പ്രതികരിച്ചതെന്നും ഭരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് തികൈത് പറഞ്ഞു. ഡിസംബര്‍ എട്ടിന് ഭാരത് ബന്ദ് പ്രഖ്യാപിച്ച പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ഇന്നത്തെ യോഗം ചേര്‍ന്നത്. ആഭ്യന്തര മന്ത്രി അമിത്ഷായും കൃഷിമന്ത്രി തോമറും മോദിക്കൊപ്പം യോഗത്തിലുണ്ടായിരുന്നു.
നിയമത്തില്‍ ഭേദഗതിയാവാമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ കര്‍ഷകരോട് പറയുന്നത്. എന്നാല്‍ നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."