ഒറ്റമുറി വീട്ടില്‍ ദുരിത ജീവിതവുമായി രോഗിയായ മാതാവും മകനും
സാബിര്‍ വാടാനപ്പള്ളി
വാടാനപ്പള്ളി: ഒറ്റമുറി വീട്ടിലെ ദുരിത ജീവിതത്തില്‍ നിന്നും കരകയറാനാകാതെ സുമനസുകളുടെ സഹായം കാത്ത് നിര്‍ധന കുടംബാംഗങ്ങളായ ഒരു അമ്മയും മകനും. വാടാനപ്പള്ളി പഞ്ചായത്തിലെ നടുവില്‍ക്കരയില്‍ പതിനൊന്നാം വാര്‍ഡ് ജവാന്‍ നഗര്‍ കോളനിയിലെ സ്ഥിര താമസക്കാരായ 71 കാരിയും കിടപ്പുരോഗിയുമായ കുണ്ടായില്‍ പരേതനായ മോഹനന്റെ ഭാര്യ ശ്രീമതിയും മാനസികമായി സുഖമില്ലാത്തതും ശ്വാസസംബന്ധമായി അസുഖമുള്ള 51കാരനായ മകന്‍ ഉണ്ണികൃഷ്ണനുമാണ് ജീവിതവുമായി മല്ലടിക്കുന്നത്.
അറ്റകുറ്റപ്പണിപോലും നടത്താത്ത ഒറ്റമുറിവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
ഏഴു കൊല്ലം മുന്‍പ് പഞ്ചായത്തില്‍ നിന്നും ഭവന നിര്‍മാണത്തിനായി ലഭിച്ച ഒരുലക്ഷം രൂപ കൊണ്ട് പാതി പണികഴിച്ച ഒറ്റമുറിയും ചെറിയ ഒരു അടുക്കളയും മാത്രമുള്ള വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള തേക്കാത്ത കോളനിയിലെ വീട്ടിലാണ് ഇരുവരും താമസിക്കുന്നത്.
പ്രായാധിക്യവും അസുഖങ്ങളും മൂലം കിടപ്പുരോഗിയാണ് ശ്രീമതി. വീടിനുള്ളില്‍ ഒരു കട്ടില്‍ മാത്രമാണുള്ളത്. മകന്റെ സഹായമില്ലാതെ എഴുന്നേറ്റിരിക്കാന്‍ പോലും കഴിയില്ല. രോഗിയായ ശ്രീമതി അസുഖ ബാധിതയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തുടര്‍ചികിത്സ ആവശ്യമാണ്. റേഷന്‍ അരി മാത്രമാണ് ആശ്രയം. കറിവെക്കാന്‍ പോലും ഒന്നുമില്ലാത്തതിനാല്‍ റേഷനരി വേവിച്ച് കഞ്ഞിയാക്കിയാണ് കഴിക്കുന്നത്. മരുന്നു വാങ്ങുന്നത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സൗജന്യ മരുന്നു മാത്രമാണ്. ശ്രീമതിക്ക് ലഭിക്കുന്ന തുച്ചമായ പെന്‍ഷന്‍ മാത്രമാണ് ഇവര്‍ക്കുള്ള വരുമാനം. മാനസികമായി സുഖമില്ലാത്തതിനാല്‍ തൊഴിലെടുത്ത് ജീവിക്കാനും പറ്റാത്ത അവസ്ഥയിലാണ് ഉണ്ണികൃഷ്ണന്‍. പെന്‍ഷന്‍ തുക കൊണ്ട് അരിയും സാധനങ്ങളും മരുന്നും വാങ്ങുന്നതിനുപോലും പെന്‍ഷന്‍ തികയാറില്ല. ഉദാരമതികളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍ . സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വാടാനപ്പള്ളി ബ്രാഞ്ച്.അക്കൗണ്ട് നമ്പര്‍: 67354363769 IFSC: SBTROO-0064 '
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."