നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ രാജിവച്ചു
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ രാജിവച്ചു. നേപ്പാളി കോണ്‍ഗ്രസ് മേധാവി ഷേര്‍ ബഹാദൂര്‍ ദേഹുബയ്ക്ക് വേണ്ടിയാണ് പ്രചണ്ഡ രാജിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഇരു നേതാക്കളും ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കിയിരുന്നു.
ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് 62 കാരനായ പ്രചണ്ഡ രാജിപ്രഖ്യാപനം നടത്തിയത്. നേപ്പാളി രാഷ്ട്രീയത്തിലെ വിശ്വാസം നഷ്ടമായി എന്നാണ് അദ്ദേഹം രാജിക്ക് കാരണമായി പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ നേപ്പാളി കോണ്‍ഗ്രസും പ്രചണ്ഡയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റും തമ്മില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനിടെയുണ്ടാക്കിയ ധാരണയാണ് രാജിക്ക് കാരണമെന്ന് മാധ്യമങ്ങള്‍ പറയുന്നു. 10 മാസമായി നേപ്പാള്‍ പ്രധാനമന്ത്രിയാണ് പ്രചണ്ഡ.
തന്റെ ഭരണനേട്ടങ്ങളും അദ്ദേഹം രാജിപ്രഖ്യാപനത്തൊടൊപ്പം വിശദീകരിച്ചു.
രാജി പ്രഖ്യാപനത്തിനു പിന്നാലെ പ്രചണ്ഡ പ്രസിഡന്റ് ബിന്ദ്യ ദേവി ബണ്ഡാരിയെ കണ്ട് രാജിക്കത്ത് കൈമാറി. പുതിയ സര്‍ക്കാറുണ്ടാക്കാന്‍ പ്രസിഡന്റ് രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള പാര്‍ട്ടികള്‍ക്കാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഉന്നയിക്കാന്‍ കഴിയുക. ഏഴു ദിവസത്തെ സമയപരിധിയാണ് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രസിഡന്റ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."