ഭൂമി കൈയേറ്റം: നടപടികള്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപം
പെരിയ: പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ വിവിധ വില്ലേജുകളില്‍ നടന്ന ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. പൊതു സ്ഥലം കൈയേറി കെട്ടിട നിര്‍മാണങ്ങള്‍ നടത്തിയിട്ടും ആവശ്യമായ നടപടിയുണ്ടായിട്ടില്ല.
പെരിയ വില്ലേജ് ഓഫിസ് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയ പാതയുടേതുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കൈയേറി കെട്ടിട നിര്‍മാണങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ഒട്ടനവധി പരാതികള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളില്‍ ലഭിച്ചിട്ടുവര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇത്തരം പരാതികള്‍ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുന്നു. പെരിയ കേന്ദ്ര സര്‍വകലാശാല, മിനി വിമാനത്താവള പരിസരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങള്‍ വിലയ്ക്കു വാങ്ങിയ ഭൂമാഫിയകള്‍ പരിസരത്തുള്ള സര്‍ക്കാര്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടെ കൈയേറിയതായി ഒട്ടനവധി പരാതികളാണ് വില്ലേജ് ഓഫിസില്‍ കെട്ടിക്കിടക്കുന്നത്.
ഇതിനു പുറമെ പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഓഫിസ് കെട്ടിടം സ്ഥിതി ചെയ്യുന്ന ചാലിങ്കാലില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി പാര്‍ട്ടി ഓഫിസ് പണിതതായുള്ള പുതിയ ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ചാലിങ്കാല്‍ രാവണീശ്വരം നമ്പ്യാരടുക്കത്ത് പാതക്കരികില്‍ ഉദ്ഘാടനത്തിനൊരുങ്ങിയ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നാണ് ആരോപണം. പഞ്ചായത്തിന്റെ അനുമതി പോലുമില്ലാതെ സുശീലാ ഗോപാലന്‍ സ്മാരക മന്ദിരമെന്ന പേരില്‍ ബഹുനില കെട്ടിടം നിര്‍മിച്ചതായാണ് പരാതി. സുശീലാ ഗോപാലന്‍ നഗര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, ലെനിന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
സെന്റിനു ലക്ഷങ്ങള്‍ വിപണി വിലയുള്ള രണ്ടേക്കറിലധികം സ്ഥലം റവന്യൂ ഭൂമിയാണെന്ന് പുല്ലൂര്‍ വില്ലേജ് അധികൃതര്‍ 2015ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രസ്തുത സ്ഥലത്താണ് പാര്‍ട്ടി കെട്ടിടവും 17 കുടിലുകളും ഉയര്‍ന്നത്. കൈയേറ്റ ഭൂമിയില്‍ നിന്നൊഴിയണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 27ന് ഹൊസ്ദുര്‍ഗ് (ഭൂരേഖ വിഭാഗം) തഹസില്‍ദാര്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടിസ് നല്‍കിയെങ്കിലും ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചു തിരിച്ചയക്കുകയായിരുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. കെട്ടിടം പുനര്‍നിര്‍മിക്കുന്ന സമയത്തും റവന്യു വകുപ്പ് എതിര്‍വാദമുയര്‍ത്തിയെങ്കിലും സി.പി.എം നേതൃത്വം കേട്ടഭാവം നടിച്ചില്ലെന്നും പരാതിയുണ്ട്. സ്ഥലം പാട്ടത്തിനെടുത്തതാണെന്നാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി വാദിക്കുന്നത്. ഇതുശരിയല്ലെന്ന് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ സി. ശശിധരന്‍പിള്ള പറഞ്ഞു. ഒഴിപ്പിക്കല്‍ നടപടിക്കെതിരേ നല്‍കിയ അപ്പീല്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒയുടെ പരിഗണനയിലാണ്. ഇതോടൊപ്പം സ്ഥലം ലീസിന് അനുവദിക്കണമെന്ന അപേക്ഷയുമുണ്ട്. ഇതില്‍ നടപടിയായിട്ടില്ലെന്ന് തഹസില്‍ദാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."