സ്ഥലം അളക്കാന്‍ കൈക്കൂലി; റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു
തളിപ്പറമ്പ്: മിച്ചഭൂമിയില്‍നിന്ന് ആനുവദിച്ചു കിട്ടിയ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിന് വില്ലേജ് ഓഫിസ് ജീവനക്കാരന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. പന്നിയൂര്‍ വില്ലേജിലെ കൂനത്ത് താമസിക്കുന്ന സഫിയയുടെ പരാതിയിലാണ് നടപടി. 18 വര്‍ഷം മുന്‍പ് മിച്ചഭൂമിയില്‍ നിന്നു ഭര്‍ത്താവിന് അനുവദിച്ചു കിട്ടിയ സ്ഥലം അളന്നു ലഭിക്കാനുളള ഒറ്റയാള്‍ പോരാട്ടത്തിലാണ് സഫിയ. ഭൂമിക്ക് പട്ടയം ലഭിച്ചിട്ടും കൃത്യമായി അളന്നു ലഭിക്കാന്‍ ഓഫിസുകള്‍ കയറി ഇറങ്ങുകയാണ് ഇവര്‍. ഭര്‍ത്താവ് മുസ്തഫക്ക് 2000ലാണ് 27 സെന്റ് ഭൂമി അനുവദിച്ചത്. പതിച്ചു നല്‍കിയപ്പോള്‍ അത് 15 സെന്റായി കുറഞ്ഞു. അതില്‍ നിന്നു മൂന്നു സെന്റ് സ്ഥലം റോഡിനും പോയി. ശേഷിച്ച 13 സെന്റെങ്കിലും അളന്നു ലഭിക്കാനുളള പരക്കം പാച്ചലിനിടയില്‍ ഭര്‍ത്താവ് മുസ്തഫ മരണപ്പെട്ടു. പിന്നീട് സഫിയ തനിച്ചാണ് സ്ഥലത്തിനു വേണ്ടി ഓഫിസുകള്‍ കയറിയിറങ്ങുന്നത്. ഇപ്പോള്‍ ഇവിടെ ഏഴു സെന്റ് സ്ഥലം മാത്രമാണുള്ളതെന്നാണ് വില്ലേജ് ഓഫിസില്‍ നിന്നു പറഞ്ഞതെന്നും സഫിയ പറയുന്നു. അതിനിടെ സ്ഥലം അളന്നു തരാമെന്ന് പറഞ്ഞ് വില്ലേജ് ഓഫിസിലെ ഒരു ജീവനക്കാരന്‍ പലപ്പോഴായി വലിയ തുക ഇവരില്‍നിന്നു ചോദിച്ചു വാങ്ങിതായും പറയുന്നു. പരാതിയെതുടര്‍ന്ന് തളിപ്പറമ്പ് തഹസില്‍ദാര്‍ ചുമതലപ്പെടുത്തിയ ജൂനിയര്‍ സൂപ്രണ്ട് പി.കെ ഭാസ്‌ക്കരന്‍, പന്നിയൂര്‍ വില്ലേജ് ഓഫിസര്‍ സി. റീജ എന്നിവരടങ്ങിയ സംഘം കൂനത്തെ സഫിയയുടെ സ്ഥലം സന്ദര്‍ശിച്ച് മൊഴിയെടുത്തു. പരാതിയില്‍ പറയുന്ന സ്ഥലം പരിശോധിച്ചു. റിപ്പോര്‍ട്ട് ഉടന്‍ തഹസില്‍ദാര്‍ക്ക് കൈമാറും. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെക്കുറിച്ച് നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."