മൃഗഡോക്ടര്‍ ഒരു മാസമായി അവധിയില്‍; പകരം നിയമനം വേണമെന്ന് ആവശ്യം
കരിന്തളം: കരിന്തളം മൃഗാശുപത്രിയിലെ ഡോക്ടര്‍ അവധിയില്‍. ഇതു കാരണം ക്ഷീര കര്‍ഷകര്‍ വലയുകയാണ്. ഒരു മാസത്തോളമായി ഡോക്ടര്‍ പ്രസവാവധിയിലാണ്. കാലിച്ചാനടുക്കത്തെ ഡോക്ടര്‍ക്കാണ് ഇപ്പോള്‍ കരിന്തളത്തിന്റെ ചുമതല കൂടി നല്‍കിയിരിക്കുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാലളക്കുന്ന പഞ്ചായത്തിലാണ് ഈ സ്ഥിതി. കോളംകുളം, പെരിയങ്ങാനം പ്രദേശങ്ങളിലായി കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് നിരവധി പശുക്കള്‍ രോഗം ബാധിച്ച് ചത്തൊടുങ്ങി. കരിന്തളത്ത് ഡോക്ടര്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും കൃത്യ സമയത്ത് ചികിത്സ നല്‍കാന്‍ കഴിയാത്തതാണ് മരണകാരണമായി പറയപ്പെടുന്നത്.
പശുക്കള്‍ ചത്തു കഴിഞ്ഞാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനും ഏറെ ബുദ്ധിമുട്ടുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കൂ. പലപ്പോഴും കാലിച്ചാനടുക്കത്ത് നിന്നു ഡോക്ടറെത്തുമ്പോഴേക്കും പശുക്കളുടെ മൃതശരീരം ചീഞ്ഞഴുകുമെന്ന് കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ ദിവസം പെരിയങ്ങാനത്തെ നങ്ങ്യാലില്‍ തോമസിന്റെ പശു രോഗം ബാധിച്ചു ചത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി ഡോക്ടര്‍ എത്തുമ്പോഴേക്കും പശുവിന്റെ ശരീരം ചീഞ്ഞളിഞ്ഞിരുന്നു. മഴക്കാലം കൂടി വരുന്നതോടെ കന്നുകാലികള്‍ക്കു കൂടുതലായി രോഗങ്ങള്‍ ബാധിച്ചു തുടങ്ങും. അതു കൊണ്ടു തന്നെ കൃത്യ സമയത്ത് ചികിത്സ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."