ഒരു ദിവസം 80,000 ഭക്തരെ കടത്തിവിട്ടാല്‍ മതിയെന്ന് പൊലിസിന്റെ നിര്‍ദേശം
തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശവുമായി പൊലിസ്. ഒരു ദിവസം 80,000 പേരെ മാത്രം കടത്തി വിട്ടാല്‍ മതിയെന്നും നിലയ്ക്കലില്‍ ഇതിനായി ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം ഒരുക്കണമെന്നുമാണ് പൊലിസിന്റെ ആവശ്യം.
ഇന്നലെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനു ശേഷം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും റിപ്പോര്‍ട്ടും നല്‍കി. നവംബര്‍ 17ന് ആരംഭിക്കുന്ന മണ്ഡല മകര വിളക്കു കാലത്ത് 80,000ത്തില്‍ കൂടുതല്‍ ആളുകള്‍ പമ്പയിലും സന്നിധാനത്തും എത്തിയാല്‍ പതിനെട്ടാം പടിയിലേതടക്കമുള്ള തിരക്ക് നിയന്ത്രിക്കാനാവില്ലെന്നും എട്ട് മണിക്കൂറില്‍ കൂടുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ കാത്തു നില്‍ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണം, പമ്പയിലും സന്നിധാനത്തും മാത്രം 300 വനിതാ പൊലിസുകാരെ നിയമിക്കേണ്ടി വരും. കൂടാതെ സ്ത്രീകളെ നിയന്ത്രിക്കാന്‍ കാനന പാതയിലുടനീളം വനിതാ പൊലിസിനെയും അവരുടെ സംരക്ഷണത്തിന് പുരുഷ പൊലിസിനെയും വന്‍തോതില്‍ നിയോഗിക്കണം.
പമ്പ മുതല്‍ സന്നിധാനം വരെയുള്ള നാലരകിലോമീറ്റര്‍ സ്ത്രീസുരക്ഷാ ഇടനാഴിയാക്കേണ്ടിവരുമെന്നും പൊലിസ് പറയുന്നു. അതേസമയം, ദുര്‍ഘടമായ പുല്‍മേട് വഴി സ്ത്രീകളുടെ യാത്ര അനുവദിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ പതിനെട്ടാം പടി കടത്തിവിടാന്‍ സ്ത്രീകള്‍ക്കായി പ്രത്യേ ക്യൂ ഒരുക്കണം. ശരണപാതയില്‍ കൂടുതല്‍ ക്യൂ കോംപ്ലക്‌സുകള്‍ പണിയാനും പൊലിസ് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിവര്‍ഷം നാലുകോടിയോളം തീര്‍ഥാടകര്‍ ഇവിടെ എത്തുന്നതായാണ് പൊലിസിന്റെ കണക്ക്. മകരവിളക്കിനു മാത്രം 30ലക്ഷത്തിലേറെ പേരെത്തും. നിലവില്‍ 50 വയസിനു മുകളിലുള്ള അഞ്ചുലക്ഷത്തോളം സ്ത്രീകളാണ് ഓരോ വര്‍ഷവും മല ചവിട്ടുന്നത്. പ്രതിവര്‍ഷം 20ശതമാനം തീര്‍ഥാടകര്‍ വര്‍ധിക്കുന്നുമുണ്ട്. ഇതുവരെ നിലയ്ക്കലും പമ്പയിലും മാത്രമാണ് വനിതാപൊലിസിനെ വിന്യസിച്ചിരുന്നത്.
ഓരോ സി.ഐ, എസ്.ഐമാരുടെ നേതൃത്വത്തില്‍ ഒന്‍പത് പേര്‍ വീതമുള്ള മൂന്ന് സംഘങ്ങള്‍ക്ക് പരമാവധി 15 ദിവസമാണ് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. ഇതര സംസ്ഥാനത്തു നിന്നെത്തുന്ന സ്ത്രീകളുടെ പ്രായം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ഉറപ്പാക്കുകയാണ് ഇവരുടെ ചുമതല.
ഇനി മുതല്‍ സ്ത്രീസുരക്ഷയ്ക്ക് വനിതാ ഐ.പി.എസുകാരടക്കം ആയിരത്തോളം സേനാംഗങ്ങളെ പൊലിസ് നിയോഗിക്കേണ്ടിവരും. വനിതാ തീര്‍ഥാടകര്‍ക്കും പൊലിസിനുമായി വിശ്രമകേന്ദ്രങ്ങളും ടോയ്‌ലറ്റുകളും ഷെല്‍ട്ടറുകളും ഭക്ഷണവും കുടിവെള്ളവും സജ്ജമാക്കണം. സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഉണ്ടാക്കുമ്പോള്‍ ദര്‍ശനത്തിന് കൂടുതല്‍ സമയം വേണ്ടിവരും. ഓണ്‍ലൈനായി ദര്‍ശനം ബുക്ക്‌ചെയ്യാവുന്ന വെര്‍ച്വല്‍ക്യൂ ശക്തമാക്കണം. മരക്കൂട്ടം,ശബരിപീഠം, യൂടേണ്‍ എന്നിവിടങ്ങളില്‍ ബയോടോയ്‌ലറ്റുകള്‍ വനിതാ പൊലിസിനായി സജ്ജമാക്കും.
തീര്‍ഥാടക പാതയിലുടനീളം സി.സി.ടി.വി, അനലൈസര്‍ കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും നാവികസേനയുടെ ഡോണിയര്‍ വിമാനങ്ങളും നിരീക്ഷണത്തിനുപയോഗിക്കും. 200മീറ്റര്‍ ഉയരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താവുന്ന ഡ്രോണുകളും പൊലിസ് സജ്ജമാക്കും.
നാലുഘട്ടമായി 20,000 പൊലിസുകാരെയാണ് മണ്ഡലകാലത്ത് നിയോഗിക്കാറുള്ളത്. ഇത്തവണ പതിനായിരം പേരെങ്കിലും അധികം വേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."