വീട്ടമ്മയെ കഴുത്തു ഞെരിച്ചുകൊന്ന് ഭര്‍ത്താവ് പൊലിസില്‍ കീഴടങ്ങി
പള്ളുരുത്തി: പള്ളുരുത്തിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലിസില്‍ കീഴടങ്ങി. പള്ളുരുത്തി എച്ച്.എം.സി റോഡില്‍ വട്ടക്കാട്ട് വീട്ടില്‍ സാഗരന്‍ (65) ആണ് ഭാര്യ മനോരമ (58) യെ ഇലക്ട്രിക്ക് വയര്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. മനോരമയെ വീടിന്റെ അടുക്കള ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച് ഇന്നലെ വാക്കേറ്റം നടന്നിരുന്നു. ഇതിനിടയില്‍ മനോരമ കാലുതെറ്റി തറയില്‍ തലയടിച്ചു വീണു. തലയില്‍ നിന്നും രക്തം ഒഴുകുന്നതു കണ്ട സാഗരന്‍ ഇലക്ട്രിക്ക് വയര്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് ഇവര്‍ മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സാഗരന്‍ നിത്യവും ഭാര്യയുമായി കലഹമുണ്ടാക്കിയിരുന്നതായി പരിസരവാസികള്‍ പറഞ്ഞു.
പതിവായി ബഹളം നടക്കുന്നതിനാല്‍ നാട്ടുകാര്‍ ഇതു മുഖവിലക്കെടുക്കാറുമില്ല. രണ്ടു വര്‍ഷം മുന്‍പ് സാഗരന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇയാള്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നത്രേ. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പള്ളുരുത്തി സി.ഐ ജോയിമാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."