മഴയെത്തും മുന്‍പേ; റോഡ് പ്രവൃത്തിക്കായി പൊടിക്കുന്നത് കോടികള്‍
കോഴിക്കോട്: മഴ തൊട്ടു മുന്നിലെത്തി നില്‍ക്കുമ്പോള്‍ ജില്ലയില്‍ പലയിടങ്ങളിലും റോഡ് പണി തകൃതി.
എന്നാല്‍ അശാസ്ത്രീയമായ രീതിയില്‍ നടത്തുന്ന റിപ്പയറിങ് വഴി കോടികളാണ് ഈ ഇനത്തില്‍ പാഴാകുന്നത്. വേനല്‍ക്കാലത്ത് പണിയെടുക്കാനുള്ള സാവകാശം എമ്പാടുമുണ്ടായിട്ടും അതിനുള്ള ജാഗ്രത കാണിക്കാതെ അവസാനഘട്ടത്തില്‍ ധൃതിപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വെറുതെയാവുകയാണ്.
പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, പി.ഡബ്ല്യു.ഡിയുടെ ഉള്‍പ്പടെയുള്ള റോഡുപണികള്‍ വരെ ഇതില്‍ പെടും. കുഴിയടക്കുന്ന ജോലികളാണ് കൂടുതലായും ഇപ്പോള്‍ നടക്കുന്നത്. ഒന്നോ രണ്ടോ കനത്ത മഴ വരുന്നതോടെ അടച്ച കുഴികള്‍ വീണ്ടും ചളിക്കുളമാവുന്ന അവസ്ഥയാണ്. അറ്റകുറ്റ പണികള്‍ക്കായി ഉപയോഗിക്കുന്ന ടാര്‍, മെറ്റല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ അളവിലും മറ്റും കൃത്രിമം കാണിക്കുന്നതും കുറവല്ല.
പലയിടങ്ങളിലും റോഡിലെ കുഴികള്‍ അടക്കുന്നതല്ലാതെ പാതകള്‍ക്ക് ഇരുവശങ്ങളിലും അത്യാവശ്യമായി വേണ്ട ഓവു ചാലുകള്‍ നിര്‍മിക്കാറില്ല. ഇതുകാരണം മഴവെള്ളവും മണ്ണും ചെളിയും റോഡില്‍ നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയാണ് പലയിടങ്ങളിലുമുള്ളത്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിലുള്ള കഴിവുറ്റ എന്‍ജിനീയര്‍മാരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍മാണ രംഗത്ത് പലപ്പോഴും പ്രയോജനപ്പെടുത്താത്തതും വിനയാകുന്നു. അതേസമയം ജില്ലയിലെ ചുരുക്കം റോഡുകള്‍ ശാസ്ത്രീയമായി പണി പൂര്‍ത്തിയാക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും മറ്റും നടത്തുന്ന കമ്പനിയാണ് ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. എന്നാല്‍ മറ്റിടങ്ങളില്‍ സ്വകാര്യ കോണ്‍ട്രാക്റ്റര്‍മാര്‍ വര്‍ഷാവര്‍ഷം വഴിപാടുപോലെ ചെയ്യുന്ന റിപ്പയറിങ് പ്രവൃത്തികളാണ് വൃഥാവിലാവുന്നത്. പ്രാദേശിക തലത്തില്‍ തൊഴിലുറപ്പുകാരെ റോഡ് നിര്‍മാണത്തിനും കാനകളുണ്ടാക്കാനും ഉപയോഗിക്കാറുണ്ടെങ്കിലും പലയിടങ്ങളിലും ഇത് വേണ്ടവിധത്തിലാവാറില്ല. മിക്കവാറും റോഡുകളുടെ പണി ഓണ്‍ലൈന്‍ ടെന്‍ഡറുകളിലൂടെയാണ് നടക്കുന്നതെങ്കിലും ജോലി കാര്യക്ഷമമാക്കുന്നതിലും സമയാസമയങ്ങളിലാക്കുന്നതിലും അധികൃതരുടെ ശ്രദ്ധ ഉണ്ടാവാറില്ല. വേനല്‍ മഴ കനത്തിട്ടും മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ജാഗ്രതപ്പെടുത്തലുകളും വേണ്ടവിധത്തിലായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."