നാളെ കല്‍പ്പറ്റയില്‍ വന്നാല്‍...കാപ്പി കുടിച്ച് മടങ്ങാം
കല്‍പ്പറ്റ: ലോക പ്രശസ്തമാണ് വയനാടന്‍ കാപ്പി. പ്രത്യേകിച്ച റോബസ്റ്റ പരിപ്പ് വറുത്ത് പൊടിച്ച് കാച്ചിയെടുത്താല്‍ അതിന്റെ രുചിയൊന്ന് വേറെ തന്നെയാണ്.
കട്ടന്‍ കാപ്പി, ചുക്ക് കാപ്പി, മസാല കാപ്പി തുടങ്ങി പണ്ട് മുതലെ നാം കേള്‍ക്കുന്ന കാപ്പി രുചികള്‍ക്ക് ശേഷമിതാ അറബിക്കയും ചേര്‍ത്ത് ഫില്‍റ്റര്‍ കോഫിയും വന്നിരിക്കുന്നു. കാപ്പിയുടെ ഏത് രുചിയും അറിയാന്‍ നാളെ കല്‍പ്പറ്റയില്‍ വന്നാല്‍ മതി.
അന്താരാഷ്ട്ര കോഫി ദിനമായ ഒക്ടോബര്‍ ഒന്നിന് കല്‍പ്പറ്റ ടൗണ്‍ ഹാളിലാണ് കാപ്പി സല്‍ക്കാരം ഒരുക്കിയിട്ടുള്ളത്. വയനാട്ടിലെ കാപ്പി കര്‍ഷകര്‍ ചേര്‍ന്ന് നബാര്‍ഡിന് കീഴില്‍ രൂപീകരിച്ച ഉല്‍പ്പാദക കമ്പനിയായ വേവിന്‍ പ്രൊഡ്യുസര്‍ കമ്പനിയാണ് മുഖ്യ സംഘാടകര്‍. രുചിയേറിയ കാപ്പിയുണ്ടാക്കി കഴിഞ്ഞവര്‍ഷം കോഫി ബോര്‍ഡിന്റെ ഫ്‌ളേവര്‍ ഓഫ് ഇന്ത്യ ഫൈന്‍ കപ്പ് ദേശീയ അവാര്‍ഡ് നേടിയ മാനന്തവാടി പുതിയിടത്തെ ജ്വാലിനി നേമചന്ദ്രന്‍, കാപ്പിയുടെ രുചിയില്‍ വൈവിധ്യം തേടികൊണ്ടിരിക്കുന്ന 15 വര്‍ഷമായി സംരംഭകയായ മക്കിയാട് സ്വദേശിനി രമാദേവി, കാപ്പി മേഖലയിലെ ഗവേഷകയും സംരംഭകരുമായ തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോ. എം. സ്മിത, വയനാടന്‍ കാപ്പി കയറ്റുമതി ചെയ്ത് കടല്‍ കടന്ന കാപ്പി രുചിയുടെ ഉടമയായ ശാന്തി പാലക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാപ്പി സല്‍ക്കാരത്തില്‍ വൈവിധ്യമുള്ള രുചിക്കൂട്ടുകള്‍ തയാറാക്കുന്നത്.
ഏറ്റവും രുചിയേറിയ കാപ്പി തയാറാക്കുന്നവരെ കണ്ടെത്താന്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ മത്സരവും ഉണ്ട്. കോഫി ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ അറബിക്കയും റോബസ്റ്റയും പ്രത്യേക അനുപാതത്തില്‍ ബ്ലെന്‍ഡ് ചെയ്ത് വേവിന്‍ ഉല്‍പാദക കമ്പനി വിപണിയിലെത്തിച്ച ഫില്‍ട്ടര്‍ കാപ്പിയായ വിന്‍കോഫിയുടെ പുതിയ രുചിയും പരിചയപ്പെടുത്തുന്നുണ്ട്.
കാപ്പി ദിനാചരണത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് ചില സമ്മാനങ്ങളും സംഘാടകര്‍ കാത്തു വച്ചിട്ടുണ്ട്. സൗജന്യ പ്രവേശനമായതിനാല്‍ ആര്‍ക്കും പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കോഫി ബോര്‍ഡിന്റെയും നബാര്‍ഡിന്റെയും സഹകരണത്തോടെ അഗ്രികള്‍ച്ചര്‍ വേള്‍ഡ്, വികാസ് പീഡിയ എന്നിവരുമായി ചേര്‍ന്നാണ് വയനാട് കാപ്പിയുടെ പ്രചരണത്തിനായി കാപ്പി സല്‍ക്കാരം ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."