നട്ടെല്ലു നിവര്‍ന്നിട്ട് മൂന്നു ദശലക്ഷം വര്‍ഷം
മനുഷ്യനെ നിവര്‍ന്നു നില്‍ക്കാന്‍ സഹായിക്കുന്നത് നട്ടെല്ലിന്റെ പ്രത്യേകതയാണ് എന്നാണ് ശാസ്ത്രം പറയുന്നത്. ഇങ്ങനെ നിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന നട്ടെല്ല് പിന്നീട് പരിണമിച്ചുണ്ടായതാണെന്നും ശാസ്ത്രം പറയുന്നു. അത് എന്നു മുതല്‍ എന്നതിനെക്കുറിച്ചാണ് ഇപ്പോഴും തര്‍ക്കമുള്ളത്. അതിന് ഏറ്റവും ശ്രദ്ധേയമായ ഉത്തരവുമായാണ് സലാം അസ്ഥികൂടം നമ്മുടെ മുന്നിലെത്തുന്നത്.
എത്യോപ്യയില്‍നിന്നു കണ്ടെടുത്ത അസ്ഥികൂടത്തിനു ശാസ്ത്രജ്ഞന്മാര്‍ നല്‍കിയ പേരാണ് സലാം എന്നത്. സലാം എന്ന വാക്കിന് എത്യോപ്യന്‍ ഭാഷയില്‍ സമാധാനം എന്നാണ് അര്‍ത്ഥം. മൂന്നുവയസ്സു പ്രായമുള്ള പെണ്‍കുട്ടിയുടേതാണ് ഈ അസ്ഥികൂടം. ഇതിനു 3.3 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ അസ്ഥികൂടത്തിന്റെ നട്ടെല്ലിന്റെ ഘടന ഇപ്പോഴത്തെ മനുഷ്യന്റെ നട്ടെല്ലിനു സമാനമാണ്. അതായത്, മനുഷ്യന്റെ നട്ടെല്ലിന്റെഘടന ഇന്നത്തെ അവസ്ഥയിലേയ്ക്കു പരിണമിച്ചിട്ട് ചുരുങ്ങിയത് മൂന്നു ദശലക്ഷം വര്‍ഷമായി.
[caption id="attachment_335773" align="alignleft" width="169"] സലാം അസ്ഥികൂടത്തിന്റെ പൂര്‍ണ്ണരൂപം[/caption]ചിക്കാഗോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞസംഘം എത്യോപ്യയിലെ ദിക്കിക്കയിലാണ് ഈ അസ്ഥികൂടം കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള മനുഷ്യാസ്ഥികൂടങ്ങളില്‍ പലതും ജീര്‍ണിച്ച നിലയിലായിരുന്നു. എന്നാല്‍, സലാം അസ്ഥികൂടത്തിന് കാര്യമായ നാശം സംഭവിച്ചിട്ടില്ല, പ്രത്യേകിച്ചു നട്ടെല്ലിന്. അതുകൊണ്ടുതന്നെ പഠനം വളരെ ഫലപ്രദവും എളുപ്പവുമായിരുന്നു.
ആസ്‌ത്രേലോ പിത്തേക്കല് അഫറന്‍സി എന്ന പുരാതനമനുഷ്യന്റെ വിഭാഗത്തില്‍പ്പെട്ടതാണ് ഈ അസ്ഥികൂടം. ഏറ്റവുംപഴക്കമുള്ള മനുഷ്യഫോസില്‍ എന്നറിയപ്പെടുന്ന ലൂസിയുടെ (Lucy) ഗണത്തില്‍പ്പെട്ടത്. പുരാവസ്തുഗവേഷകര്‍ക്ക് ഇതൊരു വിലമതിക്കാനാകാത്ത കണ്ടെത്തലാണ്.
നന്നെ ചെറുപ്പത്തില്‍ മരിച്ച പുരാതന മനുഷ്യക്കുട്ടിയുടെ ശരിരം ദ്രവിച്ചുതുടങ്ങുംമുമ്പ് ജലാശയത്തിലെ ചെളിയില്‍ പുതഞ്ഞുപോയിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. സാധാരണനിലയില്‍, കാലപ്പഴക്കംകൊണ്ട് എല്ലുകള്‍ ദ്രവിച്ചുനശിക്കും. സലാം അസ്ഥികൂടം ദ്രവിച്ചുതുടങ്ങുംമുമ്പ് അതിനെ ആവരണം ചെയ്ത ചെളി ഉറഞ്ഞുകല്ലായി മാറിയിരിക്കാമെന്നും അതുകൊണ്ടാണ് നട്ടെല്ലുള്‍പ്പെടെ സംരക്ഷിക്കപ്പെട്ടതെന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.
നട്ടെല്ലിന്റെ പുര്‍ണ്ണഭാഗങ്ങളും സംരക്ഷിക്കപ്പെട്ടതിനാലും, പൂര്‍ണ്ണവളര്‍ച്ചയെത്താത്ത കുട്ടിയുടെ നട്ടെല്ലായതിനാലും ഈ അസ്ഥികൂടത്തില്‍ പുരാതനമനുഷ്യന്റെ നട്ടല്ലിന്റെ പരിണാമഘട്ടങ്ങളെക്കുറിച്ച് മറ്റു ഫോസ്സിലുകളില്‍നിന്നു കിട്ടിയിട്ടില്ലാത്ത ഒരുപാടു വിവങ്ങള്‍ ഗവേഷകര്‍ക്ക് കണ്ടെത്താനായി. മറ്റു ഫോസ്സിലുകളില്‍ നട്ടെല്ല് അതേരൂപത്തില്‍ അവശേഷിക്കാത്തതിനാല്‍ നട്ടെല്ലിന്റെ പരിണാമത്തെക്കുറിച്ചുള്ള പഠനസാധ്യത കുറവായിരുന്നു.
വാനരരൂപത്തില്‍നിന്നു മനുഷ്യരൂപത്തിലേയ്ക്കുള്ള വളര്‍ച്ചയില്‍ നട്ടെല്ലു മൂന്നരദശലക്ഷം വര്‍ഷംമുമ്പുതന്നെ പരിണമിച്ചിരുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണ് സലാം ഫോസ്സില്‍. ആധുനികമനുഷ്യന്റേതുപോലെ സലാം ഫോസ്സിലിന്റെ നട്ടല്ലില്‍ കഴുത്തുഭാഗത്ത് ഏഴു ഖണ്ഡവും നടുഭാഗത്ത് 12 ഖണ്ഡവുമുണ്ട്. ആഫ്രിക്കന്‍ കുരങ്ങുകളില്‍ നടുഭാഗത്ത് 13 ഖണ്ഡങ്ങളാണുള്ളത്. ആധുനികമനുഷ്യനെപ്പോലെ നിവര്‍ന്നുനില്‍ക്കാനും നടക്കാനും നമ്മുടെ പൗരാണികര്‍ക്കു മൂന്നുദശലക്ഷം വര്‍ഷം മുമ്പു സാധിച്ചിരുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്. നട്ടെല്ലു നിവര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കിലും നിവര്‍ന്നുനടക്കാന്‍ സാധിച്ചിരുന്നെങ്കിലും ആധുനിക മനുഷ്യനെപ്പോലെ രണ്ടുകാലില്‍ വേഗത്തില്‍ ഓടാനും ദീര്‍ഘദൂരം നടക്കാനും അവര്‍ക്കു സാധിച്ചിരുന്നില്ലെന്നാണു ഗവേഷകര്‍ പറയുന്നത്.
എത്യോപ്യന്‍ ദേശീയ മ്യൂസിയത്തില്‍ സൂക്ഷിച്ച ഈ അസ്ഥികൂടത്തില്‍ പതിമൂന്നുവര്‍ഷക്കാലം ലോകമെമ്പടുമുള്ള ശാസ്ത്രജ്ഞര്‍ ഒട്ടേറെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. കുടുതല്‍ പഠനങ്ങള്‍ക്കും ഹൈറെസല്യൂഷന്‍ ഇമേജിങ്ങിനും വേണ്ടി ഈ ഫോസ്സിലിനെ ഫ്രാന്‍സിലെ ഗ്രനോബിളിലേയ്ക്കു മാറ്റിയിരിക്കുകയാണ്. പഠിക്കുംതോറും കുടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുന്നതിനാല്‍, ഈ അസ്ഥികൂടം ശാസ്ത്രലോകത്തെ അമൂല്യനിധിയായാണു വിശേഷിപ്പിക്കപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."