ആലങ്കോട് പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പൊട്ടിത്തെറി
ചങ്ങരംകുളം: സ്ത്രീപീഡനക്കേസില്‍ കുറ്റാരോപിതനാകുകയും കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരിപാടികളില്‍ പോലും വിലക്കുമുള്ള വ്യക്തിയെ പൊന്നാനി അര്‍ബന്‍ ബാങ്ക് ഡയറക്ടറാക്കാനുള്ള നീക്കത്തിനെതിരേ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. മുന്‍ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റു കൂടിയായിരുന്ന ഇയാള്‍ ഹരിജന്‍ വിഭാഗത്തില്‍പ്പെട്ട വീട്ടിലെ വേലക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്ത്രീ പ്രസവിക്കുകയും ചെയ്ത കേസില്‍ കുറ്റാരോപിതനായിരിക്കെ അര്‍ബന്‍ ബാങ്ക് ഡയറക്ടറാക്കാന്‍ ചില ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയും ആലങ്കോട് പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റിയോട് ചര്‍ച്ച ചെയ്യാതെയുമാണ് ഇത്തരത്തിലുള്ള നീക്കം നടത്തിയത്.
പാര്‍ട്ടിക്ക് ഇത്രയും അധികം നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ പ്രതിയായി ആരോപിക്കുന്ന വ്യക്തിയെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ ബാങ്ക് ഡയറക്ടര്‍ ആക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം പാര്‍ട്ടിയില്‍ നിന്നും പാര്‍ട്ടിയുടെ ഔദ്യോഗിക കമ്മിറ്റികളില്‍ നിന്നും വിട്ടു നില്‍ക്കാനും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീരുമാനിച്ചു. പ്രതിക്കെതിരേ അറസ്റ്റ് വാറന്റ് ഉണ്ടായിരിക്കെ പ്രതി ഒളിവില്‍ പോയതാണെന്നും ശേഷം ഹൈക്കോടതി വഴി ജാമ്യം കിട്ടിയതാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും ബാങ്ക് ഡയറക്ടറാകാനുമുള്ള ശ്രമം ഉപേക്ഷിച്ചില്ലെങ്കില്‍ ബാങ്ക് ഉപരോധം അടക്കം ശക്തമായ പ്രതിഷേധത്തിനൊരുങ്ങുമെന്നും വിഷയവുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റിനേയും കെ.പി.സി.സി പ്രസിഡന്റിനേയും സമീപിക്കുമെന്നും ചങ്ങരംകുളം പ്രസ്സ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഷംസുദ്ധീന് മാന്തടം, ദലിത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് എ.പി ചന്ദ്രന്, ആലങ്കോട് പഞ്ചായത്ത് കര്‍ഷക കോണ്‍ഗ്രസ് ജന.സെക്രട്ടറി എന്‍.വി സുബൈര്‍, കെ. ബിജു മാന്തടം, ദലിത് കോണ്‍ഗ്രസ് വാര്‍ഡ് ജന.സെക്രട്ടറി കെ.പി അജീഷ് , ദലിത് കോണ്‍ഗ്രസ് വാര്‍ഡ് സെക്രട്ടറി കെ.പി ശങ്കരന് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."