ഏറനാട് നിയോജക മണ്ഡലത്തിലെരണ്ട് പദ്ധതികള്‍ ഇന്ന് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിക്കും
അരീക്കോട്: ഏറനാട് മണ്ഡലത്തിലെ രണ്ട് വികസന പദ്ധതികള്‍ ഇന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിക്കും. പി.കെ ബഷീര്‍ എം എല്‍ എ പ്രത്യേക താല്‍പര്യമെടുത്ത് നടപ്പാക്കിയ എടവണ്ണ ടൗണിലെ റോഡ് വീതി കൂട്ടലിന്റെയും സൗന്ദര്യവല്‍ക്കരണത്തിന്റെയും ഉദ്ഘാടനം മന്ത്രി വൈകിട്ട് 4.30ന് നിര്‍വഹിക്കും. എടവണ്ണ സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തന ഉദ്ഘാടനവും മന്ത്രി ഇന്ന് നിര്‍വഹിക്കും.
സ്ഥലമുടമകള്‍ സൗജന്യമായി നല്‍കിയ ഭൂമി ഏറ്റെടുത്താണ് എടവണ്ണ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന റോഡ് വീതി കൂട്ടല്‍ പ്രവൃത്തി ആരംഭിച്ചത്. റോഡിന്റെ ഇരുവശത്തും രണ്ട് മീറ്റര്‍ വീതം ഏറ്റെടുത്താണ് റോഡ് വീതി കൂട്ടിയത്. കോഴിക്കോട്-ഗൂഢല്ലൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമായ ടൗണായിരുന്നു എടവണ്ണ. റോഡ് വീതി കൂട്ടിയതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയാണ്.
എടവണ്ണ സബ് രജിസ്റ്റാര്‍ ഓഫിസിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി വൈകിട്ട് നാലിന് നിര്‍വഹിക്കും. പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനാകും. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം ഇസ്മാഈല്‍ മൂത്തേടം, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റസിയ ബഷീര്‍, മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയ, തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം കോയ മാസ്റ്റര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."