റെയില്‍വേ സ്റ്റേഷന്‍ വികസനം: പ്രതിസന്ധികള്‍ നീങ്ങിയെന്ന് എം.കെ രാഘവന്‍ എം.പി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് ആക്കം കൂടിയെന്ന് എം.കെ രാഘവന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത റെയില്‍വേ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളെ പ്രതിനിധാനം ചെയ്യുന്ന എം.പിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചതെന്ന് എം.പി അറിയിച്ചു.
കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ ഫറോക്ക്, കടലുണ്ടി റെയില്‍വേ സ്റ്റേഷനുകളുടെ വികസനം, അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തല്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തല്‍ തുടങ്ങി കോഴിക്കോടിന്റെ പ്രധാനപ്പെട്ട 21 ഓളം ആവശ്യങ്ങള്‍ എം.പി റെയില്‍വേക്ക് മുന്‍പില്‍ അവതരിപ്പിച്ചിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വികസന വിഷയത്തില്‍ ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തയാറായിട്ടുണ്ട്. ഉടന്‍ ഡി.പി.ആര്‍ തയാറാക്കുന്നതിനായി അവരെ ക്ഷണിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാലാമത്തെ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ക്കായി ഭക്ഷണശാല സ്ഥാപിക്കും.
തിരക്ക് ലഘൂകരിക്കാന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഓഫിസ് നാലാം പ്ലാറ്റ്‌ഫോമിലെ മള്‍ട്ടീ ഫങ്ഷണല്‍ കോപ്ലക്‌സിലെ ശീതീകരിച്ച മുറിയിലേക്ക് മാറ്റുന്നതിനള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. നാലാമത്തെ പ്ലാറ്റ്‌ഫോമില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജിന് എസ്‌കലേറ്റര്‍ സ്ഥാപിക്കും. രണ്ടാമത്തെ പ്രവേശന കവാടത്തിന് സമീപത്തായി എ.ടി.എം കൗണ്ടര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഫയര്‍ സ്റ്റേഷന്‍ നിര്‍മാണത്തിനായി സ്ഥലം അനുവദിക്കും. യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനായി മെമു സര്‍വിസുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങും എന്നിങ്ങനെയുള്ള ഉറപ്പുകള്‍ ലഭിച്ചതായി എം.പി അറിയിച്ചു. അതോടൊപ്പം ഫറോക്ക് റെയില്‍വേ സ്റ്റേഷനിലെയും കടലുണ്ടിയിലെയും നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."