ഭൂകമ്പവും സുനാമിയും: ഇന്തോനേഷ്യയില്‍ മരണ സംഖ്യ 832 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയി. ദേശീയ ദുരന്തനിവാരണ ഏജന്‍സി പുറത്തു വിട്ടതാണ് കണക്കുകള്‍. മരണ നിരക്ക് ആയിരം കവിഞ്ഞേക്കുമെന്ന് ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് ജൂസുഫ് കല്ല പറഞ്ഞു. വെള്ളവും ഭക്ഷണവുമില്ലാത്ത അവസ്ഥയാണ് ദുരന്തഭൂമിയില്‍. കവര്‍ച്ച വ്യാപകമായതായും റിപ്പോര്‍ട്ടുണ്ട്.
ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയിലാണു വെള്ളിയാഴ്ച വൈകിട്ട് ശക്തമായ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിറകെയാണു ദ്വീപിലെ പ്രധാന നഗരമായ പാലുവിനെ തകര്‍ത്തെറിഞ്ഞു വന്‍ സുനാമിയുമുണ്ടായത്.
പത്തടിയോളം ഉയരത്തിലാണ് പാലു നഗരത്തില്‍ സുനാമിത്തിരമാലകള്‍ ആഞ്ഞടിച്ചത്. നഗരത്തില്‍ കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങളുമുണ്ടായി.
ഇരുസംഭവങ്ങളിലുമായാണ് ഇത്രയും പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടത്. പതിനായിരത്തോളം വീടുകളും ആശുപത്രികള്‍, പള്ളികള്‍, വ്യാപാരകേന്ദ്രങ്ങള്‍ അടക്കമുള്ള ആയിരക്കണക്കിനു കെട്ടിടങ്ങളും നിശ്ശേഷം തകര്‍ന്നു. അപകടമേഖലകളിലേക്കു രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്തത് ദുരന്തത്തിന്റെ തോത് വര്‍ധിപ്പിക്കുന്നുണ്ട്. പാലു നഗരത്തില്‍ വൈദ്യുതിബന്ധം പാടേ മുറിഞ്ഞതും ഇങ്ങോട്ടുള്ള പ്രധാന പാതകളിലെല്ലാം മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടതുമാണു രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. പാലുവിലേക്കുള്ള പ്രധാന പാതയായ പാലവും അപകട ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ടുണ്ട്.
സുലാവേസിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച ഉച്ചയോടെ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനു പിറകെയാണു മത്സ്യബന്ധന നഗരമായ ഡൊംഗാലയിലടക്കം വൈകിട്ട് അഞ്ചോടെ ശക്തമായ ഭൂകമ്പമുണ്ടായത്. ഇതോടെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ആദ്യ ഭൂകമ്പത്തില്‍ ഒരാള്‍ മാത്രമാണു കൊല്ലപ്പെട്ടത്. ഇതിനു പിറകെയാണ് സുനാമിത്തിരകള്‍ പാലു നഗരത്തെ അപ്പാടെ വിഴുങ്ങിയത്. നഗരത്തിലെ പ്രധാന ആശുപത്രിയടക്കം ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്. തുടര്‍ചലനങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ ആളുകളോട് വീടുകളില്‍ ഉറങ്ങരുതെന്നും തുറസായ സ്ഥലത്തേക്കു നീങ്ങണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുനാമിയെ തുടര്‍ന്ന് പാലുവിലെ രാജ്യാന്തര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ റണ്‍വേ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ മധ്യ സുലാവേസിയില്‍നിന്ന് 80 കി.മീറ്റര്‍ അകലെയാണ് സുനാമിയുണ്ടായ പാലു നഗരം സ്ഥിതി ചെയ്യുന്നത്. 2004ല്‍ ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി കേരളമടക്കമുള്ള ഇന്ത്യന്‍ തീരപ്രദേശങ്ങളെയും ബാധിച്ചിരുന്നു. സംഭവത്തില്‍ ആകെ 2,26,000 പേരാണു മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."