കുടിവെള്ള സംരക്ഷണത്തിന് മാതൃകയായി യുവാവ്
ചെന്ത്രാപ്പിന്നി: സ്വന്തം ജീവിത രീതിയിലൂടെ കുടിവെള്ള സംരക്ഷണത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് ചെന്ത്രാപ്പിന്നി അയ്യപ്പന്‍കാവ് സ്വദേശി അനില്‍ കാട്ടിക്കുളം. ഒരു തുള്ളി വെള്ളവും പാഴാക്കാരുതെന്ന ആശയമാണ് അനില്‍ കാട്ടിക്കുളത്തിന് ഇത്തരമൊരു പ്രയത്‌നത്തിലേക്ക് മുന്നിട്ടിറങ്ങാന്‍ പ്രേരണയായത്. സ്വന്തം ജീവിതത്തില്‍ ഇത് പാലിക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥതയാണ് മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്നത്. എടത്തിരുത്തി അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു വടക്കുള്ള അനിലിന്റെ വീട്ടുവളപ്പിലെത്തിയാല്‍ വെള്ളം സംരക്ഷിക്കാന്‍ സംവിധാനങ്ങള്‍ പലതാണ്. ടെറസിനു മുകളില്‍ പെയ്യുന്ന ഒരു തുള്ളിവെള്ളം പോലും നഷ്ടപ്പെടാതിരിക്കാനുള്ള സംവിധാനമാണ് അതിലൊന്ന്. മഴക്കാലത്ത് മോട്ടോര്‍ പ്രവര്‍ത്തിക്കാതെ തന്നെ വീട്ടാവശ്യങ്ങള്‍ക്ക് അരിച്ചെടുത്ത മഴവെള്ളം ഉപയോഗിക്കാനാവുമെന്നത് അനിലിന്റെ വീട്ടിലെ മറ്റൊരു പ്രത്യേകതയാണ്. അധികജലം കുഴല്‍ക്കിണറിലേക്ക് തുറന്നുവിടാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇതിനിടെയാണ് അനിലിന്റെ പറമ്പില്‍ പുതിയ വെള്ളത്തിന്റെ ഉറവിടെ കണ്ടെത്തിയത്. ഒന്നര പതിറ്റാണ്ടു മുന്‍പ് വീട് നിര്‍മിക്കാനായി വാങ്ങിയസ്ഥലത്തെ മാലിന്യം നിറഞ്ഞ കല്ലുവെട്ടു കുഴി വൃത്തിയാക്കിയപ്പോള്‍ വറ്റാത്ത ഉറവയുടെ ജലധാര കണ്ടെത്തുകയായിരുന്നു. മൂന്നുവീട്ടുകാര്‍ പങ്കിടുന്ന കുഴിയുടെ തന്റെ ഉടമസ്ഥതയിലുള്ള ഭാഗം ഇടക്കാലത്ത് അനില്‍ ഭിത്തി കെട്ടി തിരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഭാര്യയും മക്കളും ചേര്‍ന്ന് കുഴിയിലെ ചെളി കോരി വൃത്തിയാക്കിയപ്പോഴാണ് ഉറവ കണ്ടെത്തിയത്. ചെളി മുഴുവന്‍ മാറ്റിയപ്പോഴാണ് ഈ വേനലിലും രണ്ടടി താഴ്ചയില്‍ തെളിഞ്ഞു നില്‍ക്കുന്ന ജലധാര കണ്ടെത്തിയത്. കുഴിയുടെ ബാക്കി ഭാഗങ്ങള്‍ ശുചീകരിക്കുകയാണെങ്കില്‍ നിരവധി കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ജലസ്രോതസായി ഇതിനെ ഉപയോഗിക്കാമെന്ന് അനില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."