മലബാര്‍ ബ്രൂവറിക്ക് ലൈസന്‍സ് നല്‍കിയത് നായനാര്‍ സര്‍ക്കാര്‍: ചെന്നിത്തല
ഹരിപ്പാട് (ആലപ്പുഴ): സംസ്ഥാനത്ത് അതീവരഹസ്യമായി മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ കോടികളുടെ അഴിമതി നടന്നെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയോ മന്ത്രിസഭയോ അറിയാതെ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചു കോടികള്‍ വാങ്ങിയത് കൈയോടെ പിടിക്കപ്പെട്ടപ്പോഴാണ് യു.ഡി.എഫിനെതിരേ തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സമഗ്രാന്വേഷണം നടത്താന്‍ അദ്ദേഹം സര്‍ക്കാരിനെ വെല്ലുവിളിച്ചു. കഴിഞ്ഞ ദിവസം താന്‍ ഉന്നയിച്ച പത്തു ചോദ്യങ്ങള്‍ക്ക് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മറുപടി നല്‍കണം. സ്ഥലത്തിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു.
കിന്‍ഫ്രയില്‍ ഇല്ലാത്ത സ്ഥലത്താണ് ബ്രൂവറി അനുവദിച്ചത്. 2003ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ തൃശൂരില്‍ ചാലക്കുടിക്കടുത്ത് ഷാവാലാസ് കമ്പനിയുടെ സബ്‌സിഡിയറി കമ്പനിയായ മലബാര്‍ ബ്രൂവറീസിനു ബ്രൂവറി നടത്തുന്നതിനു ലൈസന്‍സ് നല്‍കിയ ഉത്തരവ് ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ പുറത്തുവിട്ടതു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. എന്നാല്‍, ഇതിന്റെ പിതൃത്വം ഇടതു മുന്നണിക്കാണ്. 1998ല്‍ ഇ.കെ നായനാര്‍ സര്‍ക്കാരാണ് ബ്രൂവറിക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
1998 സെപ്റ്റംബര്‍ 28നു ജി.ഒ (ആര്‍.ടി) നമ്പര്‍ 54698 എഫ്.ഡി എന്ന ഉത്തരവാണ് ഇതിനായി ഇറക്കിയത്. അന്നത്തെ നികുതി വകുപ്പ് സെക്രട്ടറി നടരാജനാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ചു ഷാവാലാസ് അസി. മാനേജര്‍ ഇടതു സര്‍ക്കാരിന് അപേക്ഷ നല്‍കിയത് 1997 ജൂലൈ 15നാണ്. 1998 മെയ് 21ന് എക്‌സൈസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി.
ഇതിന്റെയടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ശിവദാസ മേനോനായിരുന്നു അന്ന് എക്‌സൈസ് മന്ത്രി. ബ്രൂവറിക്ക് അനുമതി നല്‍കിക്കഴിഞ്ഞാല്‍ പിന്നീടുള്ളതെല്ലാം സാങ്കേതിക കാര്യങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കി ബ്രൂവറി പ്രവര്‍ത്തനസജ്ജമാക്കണം. അതിനു നാലു വര്‍ഷത്തോളമെടുക്കും. ഉത്തരവില്‍ പറഞ്ഞപ്രകാരം അബ്കാരി ആക്ടിലെ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ അതു പരിശോധിച്ച് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ മാത്രമേ പിന്നീട് നടന്നിട്ടുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
എക്‌സൈസ് കമ്മിഷണറാണ് ലൈസന്‍സ് നല്‍കുന്നത്. മന്ത്രിയോ മന്ത്രിസഭയോ ഈ ഫയല്‍ കണ്ടിട്ടില്ല. ഇതില്‍ അവര്‍ക്കു യാതൊരു പങ്കുമില്ല. 2003ല്‍ എ.കെ ആന്റണി മന്ത്രിസഭയുടെ കാലത്തും ഇതാണ് സംഭവിച്ചത്. 1998ല്‍ നായനാര്‍ മന്ത്രിസഭയുടെ കാലത്തു നല്‍കിയ അനുമതിയനുസരിച്ചുള്ള ലൈസന്‍സാണ് 2003ല്‍ നല്‍കിയത്.
ഈ ലൈസന്‍സ് നല്‍കാന്‍ കമ്മിഷണര്‍ ബാധ്യസ്ഥനുമാണ്. ഇക്കാര്യങ്ങള്‍ യു.ഡി.എഫിന്റെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാനാണ് ഇടതുമുന്നണി കണ്‍വീനറും മന്ത്രിയും ശ്രമിക്കുന്നത്. 1999നു ശേഷം സംസ്ഥാനത്തു ബ്രൂവറികള്‍ക്കോ ഡിസ്റ്റിലറികള്‍ക്കോ അനുമതി നല്‍കിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."