HOME
DETAILS

ആത്മഹത്യകള്‍ക്കു കാരണം ജീവിതമൊരു വെല്ലുവിളിയായി കാണുന്നത്

  
backup
September 30 2018 | 18:09 PM

suicide-cause-life-view-challenge-spm-today-articles

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരുലക്ഷം പേര്‍ക്ക് 21.6 എന്ന ക്രമത്തിലാണ്. അഖിലേന്ത്യാ തലത്തില്‍ ആത്മഹത്യാനിരക്ക് ഒരു ലക്ഷം പേര്‍ക്ക് 10.6 എന്ന ലെവലില്‍ നില്‍ക്കുമ്പോഴാണ് കേരളത്തിലെ കണക്ക് 21.6 ആയി മാറിയിരിക്കുന്നത്. ദേശീയ ശരാശരിക്ക് മുകളിലാണ് കേരളത്തിലെ ആത്മഹത്യാനിരക്ക് എന്ന് വ്യക്തം. 15 വര്‍ഷം മുമ്പ് കേരളത്തിലെ ശരാശരി കണക്ക് 32 ആയിരുന്നു. പതിനഞ്ച് വര്‍ഷത്തെ സാമൂഹികവും മാനസികവും വൈദ്യശാസ്ത്രപരവുമായ ബോധവല്‍കരണങ്ങളിലൂടെയാണ് ഈ സ്ഥിതി കൈവരിക്കാനായത്. ആത്മഹത്യാ നിരക്കില്‍ കേരളം ഏഴാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.
വിവിധ വിഭാഗങ്ങളിലെ ആത്മഹത്യാനിരക്ക് കുറച്ചുകൊണ്ടുവരാനും കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും വൃദ്ധജനങ്ങളിലും കൗമാരപ്രായക്കാരിലും ആത്മഹത്യാനിരക്ക് ഇപ്പോഴും ഉയര്‍ന്ന അളവില്‍ തന്നെ തുടരുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്യുന്നവരില്‍ 12 ശതമാനമായിരുന്നു 60നു മേല്‍ പ്രായമുള്ള വൃദ്ധജനങ്ങളെങ്കില്‍ ഇന്നത്തെ അവസ്ഥയില്‍ മൊത്തം ആത്മഹത്യ ചെയ്യുന്നവരില്‍ 19 പേര്‍ അറുപതിന് മേല്‍ പ്രായമുള്ള വൃദ്ധ ജനങ്ങളാണ്. നിലവില്‍ 20 വയസിന് താഴെയുള്ള കൗമാരപ്രായക്കാരുടെ ആത്മഹത്യാനിരക്ക് ഇനിയും കുറയേണ്ടതായിട്ടുണ്ട്.


ആത്മഹത്യയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ അതില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം വഹിക്കുന്നുണ്ട്. തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ആത്മഹത്യയ്ക്ക് പ്രധാന കാരണമായി വരുന്നു. ലോകാരോഗ്യസംഘടനയുടെ അഭിപ്രായപ്രകാരം തിരിച്ചറിയപ്പെടാതെ പോകുന്ന വിഷാദരോഗമാണ് ആത്മഹത്യ.
ഇതോടൊപ്പംതന്നെ വൈകാരിക രോഗമായ സ്‌കിസോഫ്രീനിയ, മദ്യാസക്തി തുടങ്ങിയവയും ആത്മഹത്യാ സാധ്യത വര്‍ധിപ്പിക്കുന്നു. വേദനാജനകമായതും പൂര്‍ണമായ പരിഹാരമില്ലാത്തതുമായ ശാരീരികരോഗങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങള്‍, സാമൂഹികമായ ഒറ്റപ്പെടല്‍ തുടങ്ങിയവയും ആത്മഹത്യ ഹേതുകങ്ങളാകുന്നു. പ്രവാസികളില്‍ സംഭവിക്കുന്ന ആത്മഹത്യകളിലും ഇതുതന്നെയാണ് പ്രതിഫലിക്കുന്നത്.
ജീവശാസ്ത്രപരവും പാരിസ്ഥിതികവും ഭൂമിശാസ്ത്ര ചരിത്ര സംബന്ധവുമായ സവിശേഷതകള്‍ മൂലം മറ്റ് പല പ്രദേശങ്ങളിലെയും ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളീയര്‍ അതിജീവന ശേഷി കുറവുള്ള ആളുകളായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വംശീയ കലാപങ്ങള്‍, യുദ്ധങ്ങള്‍, പ്രകൃതിക്ഷോഭം തുടങ്ങിയവയൊന്നും കേരളത്തില്‍ സര്‍വസാധാരണമല്ല. അതുകൊണ്ടുതന്നെ നൈസര്‍ഗികമായി പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാനസികശേഷി മലയാളികളില്‍ കുറവാണ് എന്നു പറയാം. ആത്മഹത്യ ചെയ്യുന്ന പ്രവണതകളില്‍ നൈസര്‍ഗികമായ അതിജീവന ശേഷി ഇല്ലാത്തത് ആത്മഹത്യയുടെ കാരണങ്ങളിലൊന്നായി നരവംശശാസ്ത്രം വിലയിരുത്തുന്നു. ഒറ്റപ്പെടല്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഒരു വിദ്യാഭ്യാസം ഇന്ന് കുട്ടികള്‍ക്ക് നല്‍കപ്പെടുന്നുണ്ട്. സൗഹൃദം വികസിപ്പിക്കാനുമുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ സ്വയം വളര്‍ത്തേണ്ടതാണ്. അത് ഇന്നത്തെ കൗമാരങ്ങള്‍ക്ക് സാധ്യമാകാതെ വരുന്നു എന്നതാണ് പ്രശ്‌നം.
ജീവിതത്തില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത അതിജീവനശേഷി ഈ രീതിയില്‍ വളര്‍ത്തപ്പെടുന്ന കുട്ടികളില്‍ ഇല്ലാതെ പോകുന്നു. ജീവിതത്തില്‍ തിരിച്ചടികള്‍ നേരിട്ട് പ്രശ്‌നപരിഹാരത്തിനുള്ള ജീവിത നിപുണതകള്‍ സ്വന്തമായി അനുഭവങ്ങളിലൂടെ വികസിപ്പിച്ചെടുക്കാന്‍ സാധിക്കാതെ പോകുന്ന ഈ കുട്ടികള്‍ നിസാരകാര്യങ്ങള്‍ക്കുപോലും ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സ്ഥിതിവിശേഷം നിലവിലുണ്ട്. പ്രവാസികളിലും ഇന്ന് ഈ പ്രവണതകള്‍ക്കൊപ്പം അവരുടെ ഒറ്റപ്പെടലും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ജീവിതത്തോടുള്ള നിരാശകളും നിത്യവൃത്തിയിലെ അസന്തുഷ്ടിയും ആത്മഹത്യയുടെ നീരാളിയായി പിടിമുറുക്കുന്നുണ്ട്. മാനസിക വൈകാരിക ചപലതകളും ചിലപ്പോള്‍ കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് നേട്ടങ്ങളുണ്ടാക്കാനാവാത്തതും വേണ്ടപ്പെട്ടവരുടെ കുറ്റപ്പെടുത്തലുകളും തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളും ചിലരെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.


പലപ്പോഴും കുരക്കുന്ന പട്ടി കടിക്കില്ല എന്നപോലെ ആത്മഹത്യ ചെയ്യണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവര്‍ അവരത് ചെയ്യാറില്ല എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്. എന്നാല്‍ വാസ്തവത്തില്‍ ആത്മഹത്യ ചെയ്യുന്ന വ്യക്തികളില്‍ 99 പേരും അതിനു തൊട്ടുമുന്‍പുള്ള ഒരുമാസത്തിനുള്ളില്‍ എന്തെങ്കിലും സൂചനകള്‍ ഇത് സംബന്ധിച്ച് തരാറുണ്ട്. ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെയോ , സംഭാഷണങ്ങളിലൂടെയോ , മറ്റു ചേഷ്ടകളിലൂടെയോ താന്‍ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന ചില സൂചനകള്‍ തരാറുണ്ട്.
വിഷാദരോഗം, ചിത്തഭ്രമം, ലഹരി അടിമത്തം പോലുള്ള മാനസികപ്രശ്‌നങ്ങളുള്ള വ്യക്തികള്‍ ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതീവ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. അപൂര്‍വമായി ചില സാഹചര്യങ്ങളില്‍ മരിക്കണമെന്ന താല്‍പര്യമില്ലാതെ തന്നെ ചില ആത്മഹത്യാ ചേഷ്ടകള്‍ ചില വ്യക്തികള്‍ കാണിക്കാറുണ്ട്. ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ എന്ന വ്യക്തിത്വ വൈകല്യം ഉള്ള ആളുകളാണ് ഇത് കൂടുതലായി കാണിക്കാറുള്ളത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന ചില പ്രധാന ലക്ഷണങ്ങളുണ്ട്. ഒരു വികാരങ്ങളും നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയാണ് അതില്‍ പ്രധാനം. ഇക്കൂട്ടരില്‍ വിഷാദ രോഗം പിടിപെട്ടാല്‍ ഗുരുതരമായ ആത്മഹത്യാശ്രമങ്ങള്‍ ഇവര്‍ നടത്താന്‍ സാധ്യതയുണ്ട്
ആത്മഹത്യാ പ്രതിരോധത്തിന് നമുക്ക് ഒത്തു ചേര്‍ന്ന് പരിശ്രമിക്കാം എന്നതാണ് 2018ലെ ലോക ആത്മഹത്യാ പ്രതിരോധ ദിന സന്ദേശം. നമ്മുടെ ചുറ്റുവട്ടത്ത് ഏതെങ്കിലും ഒരു വ്യക്തി ആത്മഹത്യാപ്രവണത പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ എങ്ങനെ അവിടെ ഇടപെടാം. ആവശ്യമായ മാനസിക ആരോഗ്യ പ്രഥമശുശ്രൂഷ നമുക്ക് എങ്ങനെ നല്‍കാം എന്ന് ചിന്തിക്കണം. അത്തരത്തിലുള്ള ഒരു വ്യക്തിയെ നമ്മുടെ പരിസരത്ത് തൊഴിലിടങ്ങളിലോ വിദ്യാലയങ്ങളിലോ കണ്ടാല്‍ അങ്ങോട്ട് ചെന്ന് അദ്ദേഹത്തിന്റെ പ്രയാസം എന്താണെന്ന് അറിയാന്‍ ശ്രമിക്കുന്നതാണ് മാനസികാരോഗ്യ പ്രഥമശുശ്രൂഷയുടെ ആദ്യഘട്ടം. പ്രയാസമനുഭവിക്കുന്ന വ്യക്തിക്ക് പറയാനുള്ള അഭിപ്രായം പൂര്‍ണതയോടെ കേള്‍ക്കുകയും കുറ്റപ്പെടുത്താതിരിക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ ഘട്ടം. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ വസ്തുതാപരമായ വിവരങ്ങള്‍ നല്‍കുകയാണ് മൂന്നാമത്തെ ഘട്ടം. ഇതുകൊണ്ട് പരിഹരിക്കാനാകാത്ത മാനസികസമ്മര്‍ദ്ദമുള്ള വ്യക്തിയെ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടാന്‍ പ്രേരിപ്പിക്കുക എന്നുള്ളതാണ് നാലാമത്തെ ഘട്ടം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഉറപ്പു വരുത്തി സാമൂഹികമായ ഒരു പിന്തുണയിലൂടെ അദ്ദേഹത്തെ കരകയറ്റുകയാണ് അഞ്ചാമത്തെ ഘട്ടം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  18 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  26 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  33 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  42 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago