ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ടു
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം മേധാവിക്കും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കുമാണ് അന്വേഷണ ചുമതല. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ബി.മനുവാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
സുപ്രഭാതം മഞ്ചേരി ലേഖകനും കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറിയുമായ എന്‍.സി മുഹമ്മദ് ഷെരീഫ് സഹല തസ്‌നീം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് സെപ്റ്റംബര്‍ 27ന് മരിച്ചത്. സംഭവം നടന്ന് മൂന്ന് മാസത്തോളമായിട്ടും ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിയമ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.കെ ശ്രീവാസ്തവ സംസ്ഥാന ഡി.എം.ഇക്കും ആരോഗ്യ കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കത്തയച്ചിരുന്നു. വനിതാ കമ്മീഷന്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അടിയന്തിര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പ്രസവ വേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികിത്സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് നിര്‍ബന്ധപൂര്‍വം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. മഞ്ചേരി മെഡിക്കല്‍ കോളജിലെ കുറ്റക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എന്‍.സി ഷെരീഫ് ഒക്ടോബര്‍ ഏഴിന് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായിട്ടില്ല.
മലപ്പുറം ജില്ലാ കലക്ടര്‍ നേരത്തെ കുട്ടികളുടെ പിതാവില്‍ നിന്ന് മൊഴി എടുത്തിരുന്നു. ചികിത്സാ വിവരങ്ങളും ശേഖരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.പി ശശി, സൂപ്രണ്ട് ഡോ.നന്ദകുമാര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. അടിയന്തിര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതീക്ഷയുണ്ടെന്ന് കുട്ടികളുടെ മാതാവ് സഹല തസ്‌നീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."