കാട്ടാനയെ വെടിവച്ചുകൊന്ന സംഭവം: അന്വേഷണം റിസോര്‍ട്ട് കേന്ദ്രീകരിച്ച്
കല്‍പ്പറ്റ: വേലിയമ്പത്ത് കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം റിസോര്‍ട്ട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും നാടന്‍ തോക്കുകള്‍ കൈവശമുള്ളവരെ കുറിച്ചുമാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. ആനവേട്ടകള്‍ക്കു പിറകില്‍ കഴിഞ്ഞ ദിവസം പിടിയിലായ നായാട്ടു സംഘമാണെന്ന സംശയം വനം വകുപ്പിനുണ്ട്.
ഇതിന് പിന്നില്‍ വനം വകുപ്പിനോടുള്ള റിസോര്‍ട്ടു മാഫിയകളുടെ വൈരാഗ്യമുണ്ടോയെന്നതും സംശയിക്കുന്നുണ്ട്. സ്ഥിരമായി നായാട്ടില്‍ ഏര്‍പ്പെടുന്നവര്‍ സംഘത്തിലുള്ളതാണ് സംശയം ബലപ്പെടാന്‍ കാരണം. കഴിഞ്ഞ ദിവസമാണ് ചെട്ട്യാലത്തൂരില്‍ വനമേഖലയില്‍നിന്ന് വയനാട് മലപ്പുറം സ്വദേശികളായ ഏഴംഗസംഘത്തെ നായാട്ടിനിറങ്ങുമ്പോള്‍ വനംവകുപ്പ് പിടികൂടിയത്്. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് സംഘത്തിന് ആനവേട്ടയുമായി ബന്ധമുണ്ടെന്നതിലേക്കാണ് അന്വേഷണം നീളുന്നത്. ജില്ലയിലെ വനമേഖലയിലെ റിസോര്‍ട്ടുകളില്‍ താമസിച്ച് മൃഗവേട്ട നടത്തുന്ന പ്രധാന സംഘങ്ങളിലൊന്നാണിത്.
പിടികൂടിയ വേട്ട സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെ സംഘത്തിലെ മങ്കട സ്വദേശികളയ ഫിറോസ്, ഹാരീസ് എന്നിവര്‍ തോക്കുകളുമായി ഓടിരക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരുടെയും ചില പരിസരവാസികളുടെയും പങ്കും അന്വേഷിക്കുന്നുണ്ട്.
വേട്ട സംഘത്തിലുള്ളവര്‍ക്ക് രണ്ട് മാസത്തിനിടെ ബത്തേരി താലൂക്കിലെ രണ്ടിടങ്ങളില്‍ കാട്ടാനകള്‍ വെടിയേറ്റ് ചരിഞ്ഞ സംഭവങ്ങളില്‍ പങ്കുണ്ടോയെന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ധനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വനപാലകരും പൊലിസും ഉള്‍പ്പെട്ട 14അംഗ സംഘത്തിനാണ് ചുമതല. സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക തെളിവുകളെടുത്തു.
ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. പുല്‍പ്പള്ളി വേലിയമ്പത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യതോട്ടത്തില്‍ ചൊവ്വാഴ്ചയാണ് 16 വയസ് മതിക്കുന്ന പിടിയാനയെ വെടിയേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
നാടന്‍തോക്ക് ഉപയോഗിച്ച് മസ്തകത്തിനാണ് വെടിവച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. രണ്ടുമാസംമുമ്പ് ബത്തേരി-പുല്‍പ്പള്ളി സംസ്ഥാന പാതയില്‍ നാലാംമൈലിലും പിടിയാന വെടിയേറ്റ് ചരിഞ്ഞിരുന്നു. ഇതിലെ പ്രതികളെ പിടികൂടാനായിട്ടില്ല. രണ്ട് സംഭവത്തിലും സമാനതകളുണ്ട്.
നാടന്‍ തോക്ക് ഉപയോഗിച്ചാണ് നാലാമൈലിലും ആനയെ വെടിവെച്ചത്. മസ്തകത്തിനായിരുന്നു ഇതിനും വെടിയേറ്റത്. രണ്ടുസംഭവങ്ങളും ഒന്നിച്ചാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.
പുല്‍പ്പള്ളി പ്രദേശത്തെ മൊബൈല്‍ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയും വെടിയൊച്ചകേട്ടതായി പ്രദേശവാസികള്‍ മൊഴിനല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."