കാസര്‍കോട് തുറമുഖം ആദ്യഘട്ടം പൂര്‍ത്തിയായി; മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം അടുത്ത വര്‍ഷം
കാസര്‍കോട്: മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം പ്രവൃത്തി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനാകുമെന്ന് ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പ്. മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന് 4888.00 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഹാര്‍ബറിന്റെ പ്രധാന ഘടകങ്ങളായ പുലിമുട്ടുകള്‍, വാര്‍ഫ്, ലേലപ്പുര, റിക്ലമേഷന്‍ കവേര്‍ഡ് ലോഡിങ് ഏരിയ, റിക്ലമേഷന്‍ ബണ്ട് തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. റിക്ലമേഷന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഇതിന്റെ മറ്റ് അനുബന്ധ കെട്ടിടങ്ങളുടെയും മറ്റും നിര്‍മാണം ആരംഭിക്കും. നിര്‍മാണപ്രവൃത്തികള്‍ 2018 നവംബറോടു കൂടി പൂര്‍ത്തീകരിക്കുന്നതിനും തുടര്‍ന്നു കമ്മിഷന്‍ ചെയ്യാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു.
ആര്‍.കെ.വി.വൈയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കാസര്‍കോട് മത്സ്യബന്ധന തുറമുഖത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഹാര്‍ബറിന്റെ ഭാഗമായ പുലിമുട്ടുകള്‍ക്കു വടക്കുഭാഗത്തു രൂപപ്പെട്ട സ്വാഭാവിക ചാനലുകള്‍ അടച്ചു കഴിഞ്ഞാല്‍ പദ്ധതി ഭാഗികമായി കമ്മിഷന്‍ ചെയ്യാന്‍ സാധിക്കും. വടക്കു ഭാഗത്തുള്ള സ്വാഭാവിക ചാനല്‍ അടക്കുന്ന പ്രവൃത്തി പുരോഗമിച്ചുവരികയാണ്.
തീരസംരക്ഷണത്തിനായി നീലേശ്വരം കോസ്റ്റല്‍ പൊലിസ് സ്റ്റേഷനു വേണ്ട 50 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. നീലേശ്വരം അഴിമുഖത്ത് സ്റ്റേഷന്‍ ജെട്ടിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. വ്യവസായ വകുപ്പ് 270 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നല്‍കിയ അനന്തപുരം ഡെവലപ്‌മെന്റ് പ്ലോട്ടില്‍ റോഡ് നിര്‍മാണ പ്രവൃത്തി ആരംഭിച്ചു .
മെയിന്റനന്‍സില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച ചെറുവത്തൂര്‍ ഫിഷറി ഹാര്‍ബറില്‍ ട്രക്ക് ബേ (50 ലക്ഷം രൂപ) യുടെ നിര്‍മാണം പുരോഗമിച്ചു വരുന്നു.
കാപ്പിറ്റല്‍ റിപ്പയര്‍ ആന്റ് മെയിന്റനന്‍സില്‍ ഉള്‍പ്പെടുത്തി ചെറുവത്തൂര്‍ ഫിഷറി ഹാര്‍ബര്‍ ഡ്രഡ്ജിങും ജിയോ ട്യൂബ് ഉപയോഗിച്ച് സംരക്ഷിക്കുന്നതിനുമായി 450 ലക്ഷം രൂപയുടെയും കാസര്‍കോട് മത്സ്യബന്ധന തുറമുഖ ചാനല്‍ ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടുന്നതിന് 150ലക്ഷം രൂപയുടെയും പ്രവൃത്തിക്കു ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."