HOME
DETAILS
MAL
സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണി ആരോപണം തള്ളി ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്
backup
December 12 2020 | 03:12 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതരുടെ പേരുകള്‍ പറഞ്ഞതില്‍ വധഭീഷണി നേരിടുന്നെന്ന സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി ദക്ഷിണമേഖല ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്. സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ല.
ജയില്‍ ഉദ്യോഗസ്ഥര്ക്കെതിരേ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്ന പറഞ്ഞെന്നും അന്വേഷണം നടത്തിയ ജയില്‍ ഡി.ഐ.ജി അജയകുമാര്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകന് നല്കിയ രേഖയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് സ്വപ്ന പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്ന കോടതിയില്‍ ഉന്നയിച്ച പരാതിയുടെ പശ്ചാത്തലത്തില്‍ ജയില്‍ മേധാവി ഋഷിരാജ് സിങ് ആണ് ഡി.ഐ.ജി അജയകുമാറിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടത്. സ്വപ്നയെ ജയിലില്‍ പോയി കണ്ടും സന്ദര്‍ശക രജിസ്റ്ററും സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിലാണ് ജയിലില്‍ ഭീഷണിയുണ്ടെന്ന് സ്വപ്ന പറഞ്ഞത്. സ്വപ്നയുടെ വാക്കുകള്‍ അവിശ്വസിക്കേണ്ടതില്ലെന്ന നിഗമനത്തോടെ പ്രത്യേക സുരക്ഷ ഉറപ്പാക്കാന്‍ കോടതി ജയില്‍ മേധാവിയോടും ഡി.ജി.പിയോടും നിര്‍ദേശിച്ചു. ഇതിനു പിന്നാലെയാണ് ജയില്‍ മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒക്ടോബര്‍ 14ന് സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലെത്തിച്ചതു മുതല്‍ നവംബര്‍ 25 വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ജയില്‍ ഡി.ഐ.ജി അജയകുമാര്‍ പരിശോധിച്ചു.
കസ്റ്റംസ്, ഇ.ഡി, വിജിലന്‍സ് ഉദ്യോഗസ്ഥരും അമ്മയും ഭര്‍ത്താവുമുള്‍പ്പടെ 5 ബന്ധുക്കളും മാത്രമാണ് സ്വപ്നയെ ജയിലില്‍ കണ്ടത്. ഒരു പ്രാവശ്യമാണ് അമ്മയെ ഫോണ്‍ ചെയ്തത്. എല്ലാം ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍.
ജയില്‍ ഉദ്യോഗസ്ഥര്‍ അനാവശ്യമായി സ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സ്വപ്നയോട് കോടതിയില്‍ നല്കിയ അപേക്ഷയെ കുറിച്ച് ഡി.ഐ.ജി ചോദിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കോടതിയുടെ അനുമതിയില്ലാതെ ചോദ്യം ചെയ്യാനാകില്ലെന്നതിനാല്‍ ഈ വിശദീകരണം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വപ്നയുടെ ശബ്ദരേഖ ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് റിപ്പോര്‍ട്ട് നല്കിയ ജയില്‍ ഡി.ഐ.ജിയാണ് ഭീഷണി പരാതിയും അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."