സമാധാന മതില്‍
മതില്‍ എന്ന വാക്കില്‍ത്തന്നെയുണ്ടൊരു നെഗറ്റിവിറ്റി. വേര്‍തിരിവിന്റേതെന്ന് ഒറ്റക്കേള്‍വിയില്‍ തോന്നുമാറാണ് ആ വാക്ക്. ബഷീറിന്റെ പ്രണയത്തെ വീര്‍പ്പുമുട്ടിച്ച മതില്‍, അഭയാര്‍ഥികളെ അകറ്റുന്ന മെക്‌സിക്കന്‍ മതില്‍, ഒരു നാടിനെ രണ്ടാക്കി പകുത്ത ബെര്‍ലിന്‍ മതില്‍... നമുക്കങ്ങനെ ഉദാഹരണങ്ങളേറെ. പക്ഷെ, ഇവിടെയൊരു മതില്‍ ലോക ശ്രദ്ധ നേടുകയാണ്. കേവലമൊരു സര്‍ക്കാര്‍ സ്‌കൂള്‍ മതിലാണ് സമാധാനത്തിന്റെ സന്ദേശം പരത്തി മതിലിന്റെ വ്യാഖ്യാനം തന്നെ മാറ്റിയിരിക്കുന്നത്.
പാലക്കാട് ചെര്‍പ്പുളശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനത്തിന് ചുറ്റുമുള്ള മതിലാണ് ആ നാടിന്റെ ചരിത്രവും സംസ്‌കാരവും പേറി, സമാധാനത്തിന്റെ സന്ദേശം കൂടി പരത്തുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ചിത്രകലാ അധ്യാപകനും ലോക പ്രശസ്ത മ്യൂറല്‍ ചിത്രകാരനുമായ സുരേഷ് കെ. മേനോന്റെ കരവിരുതിലാണ് മതിലില്‍ ഒരു നാടിനെ വരച്ചിട്ടിരിക്കുന്നത്. അങ്ങനെ 700 അടി നീളവും 10 അടി വീതിയുമുളള മതില്‍ ഇന്ന് അത്യുന്നതങ്ങളില്‍ എത്തിനില്‍ക്കുന്നു.
ഗാന്ധിജി മുതല്‍
നമ്പൂതിരി വരെ
സമാധാന മതില്‍ എന്ന് പേരുളള മതിലില്‍ രാജ്യം ഇന്ന് ആഗ്രഹിക്കുന്ന ശാന്തി, സമാധാനം എന്നവാക്ക് ലോകത്തെ 250 ഭാഷയിലാണ് കൊത്തിവച്ചിരിക്കുന്നത്. ചെറുപ്പുളശേരി എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍ക്കുന്ന മോഴിക്കുന്നത്ത് ബ്രഹ്മ ദത്തന്‍ നമ്പൂതിരിപ്പാടിലൂടെ പ്രദേശിക ചരിത്രം വിളിച്ച് പറയുന്ന മതിലില്‍, വള്ളുവനാടിന്റെ ചരിത്രവും ചിത്രങ്ങളായി വിരിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയായ ബ്രഹ്മദത്തന്‍ നമ്പൂതിരിയെ ജയിലില്‍ അടച്ച ചിത്രത്തിനൊപ്പം സുബാഷ് ചന്ദ്രബോസ്, വി.ടി ഭാസ്‌ക്കര പണിക്കര്‍ എന്നിവരും വാള്‍ ഓഫ് പീസ് എന്ന മതിലില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഗാന്ധിജിയുടെ പാദസ്പര്‍ശത്താല്‍ ധന്യമായ സ്‌കൂള്‍ മൈതാനത്തിന് ചേര്‍ന്നുള്ള മതിലില്‍ 14 പാനലുകളായാണ് ഗ്രാമത്തിന്റെ ചരിത്രവും കലാ സംസ്‌കാരികാ പാരമ്പര്യവും വിളിച്ചുപറയുന്ന ചിത്രങ്ങള്‍ സുരേഷ്‌കുമാര്‍ ഒരുക്കിയത്. ഗാന്ധിജി, ചന്ദ്രന്‍, സൂര്യന്‍, വൃക്ഷങ്ങള്‍ തുടങ്ങി വലിയ അടയാളപ്പെടുത്തലുകള്‍ തന്നെ മതിലില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. 'ലോകാ സമസ്താ, സുഖിനോ ഭവന്തു' എന്ന ആപ്തവാക്യവും മതിലില്‍ സമാധാന സന്ദേശം പകരുന്നു.
കാളവേലയും
ചെര്‍പ്പുളശ്ശേരി പെരുമയും
കായികരംഗത്ത് അറിയപ്പെടുന്ന നാടാണ് ചെറുപ്പുളശേരി, പ്രത്യേകിച്ച് ഫുട്‌ബോള്‍ രംഗത്ത്. നിരവധി കായിക താരങ്ങളെയാണ് ചെര്‍പ്പുളശ്ശേരി കേരളത്തിനു സംഭാവന ചെയ്തത്. ഫുട്‌ബോളിനെ ചെറുപ്പുളശേരിക്കാര്‍ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിനു തെളിവാണ് കായികവുമായി ബന്ധപ്പെട്ട മതിലിലെ ചിത്രങ്ങള്‍. കൂടാതെ ചെറുപ്പുളശേരി ഉത്സവങ്ങളിലെ സാന്നിധ്യമായ കാളവേലകള്‍, ഖിലാഫത്ത് സമരണയില്‍ ചേര്‍ന്ന ആല്‍ത്തറ യോഗം തുടങ്ങിയവയും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മഹത് വ്യക്തികളുടെ ചിത്രങ്ങളും മതിലില്‍ ഇടം പിടിച്ചിട്ടുണ്ട്.
സുരേഷ് കെ. മേനോന്റെ
കരവിരുത്
പ്രഫ: സുരേഷ് കെ. മേനോന്റെയും, ബനാറസ് സര്‍വകലാശാലയിലെ ശിഷ്യരായ 14 വിദ്യാര്‍ഥികളുടേയും 12 ദിവസങ്ങളിലായുള്ള പരിശ്രമഫലമാണ് വാള്‍ ഓഫ് പീസ്. ദിവസവും പത്തു മണിക്കൂര്‍ വീതമെടുത്തു ചുമരില്‍ കലാവിസ്മയം തീര്‍ക്കാന്‍. ചെര്‍പ്പുളശേരിയിലെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇതിനു വേണ്ട സംഖ്യ സ്വരൂപിച്ചത്. 12 ലക്ഷം രൂപ ചെലവ് വന്ന മതിലിനു ഒന്‍പതു ലക്ഷം രൂപ ചെര്‍പ്പുളശേരിയിലെ പി.വി ഹംസയും മകന്‍ പി.വി ഷഹീമും നല്‍കി. ഇവര്‍ തന്നെയാണ് ചെറുപ്പുളശേരി ഹൈസ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയിലേക്കും സംഭാവന നല്‍കിയത്. ഇനി മതിലിന് മേല്‍ക്കൂര, നടപ്പാത, വെളിച്ച സൗകര്യങ്ങളും ഒരുക്കാനുണ്ട്.
അറിയപ്പെടുന്ന ഒരു ചിത്രകാരനായപ്പോഴും തന്റെ നാടിനെ വിസ്മരിക്കാതെ തന്നെപ്പോലെ തന്റെ നാടിനേയും പ്രശസ്തിയിലെത്തിക്കാന്‍ തയ്യാറാവുകയായിരുന്നു അടക്കാപുത്തൂര്‍ സ്വദേശിയായ സുരേഷ് കെ. മേനോന്‍. ദിവസവും നിരവധി ആളുകളാണ് സമാധാന മതില്‍ കാണാന്‍ ചെറുപ്പുളശേരിയില്‍ എത്തുന്നത്. ഈയിടെ ലോകപ്രശസ്ത ശബ്ദ കലാകാരന്‍ മിഖായേല്‍ നോര്‍ത്തേണും മതില്‍ സന്ദര്‍ശിച്ചു. അങ്ങനെ മതിലിനൊപ്പം ഒരു നാടും അതിന്റെ ചരിത്രവും പതിയെ ലോകശ്രദ്ധയിലേക്ക് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."