എച്ച്-1 എന്‍-1; ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
തൊടുപുഴ: എച്ച്-1 എന്‍-1 പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.ആര്‍. രേഖ . ശ്വാസ കോശത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമായ ഇത് ജലദോഷപ്പനികള്‍പോലെ തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഇത് പകരുന്നത്. 2009 മുതല്‍ 2015 വരെയുള്ള കലയളവില്‍ രോഗം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പടര്‍ന്നിട്ടുണ്ട്. 2017 ആരംഭത്തില്‍ രോഗം നേരിയതോതില്‍ വര്‍ധിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ ഇതിനെതിരേയുള്ള രോഗനിര്‍ണയത്തില്‍ ജാഗ്രതപാലിക്കുകയും നിലവിലുള്ള എ ബി.സി ഗൈഡന്‍സ് മാര്‍ഗ രേഖകള്‍ അനുസരിച്ച് ചികിത്സ പരിഗണിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങള്‍ ഉള്ള രോഗികള്‍ സാധാരണ സമയത്തിനുള്ളില്‍ കുറയുന്നില്ലെങ്കിലോ ക്രമാതീതമായി കൂടുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണം. ഗര്‍ഭിണികള്‍ ഈ രോഗലക്ഷണം ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. പ്രമേഹം, ഹൃദ്രോഗം, ബിപി, കരള്‍- വൃക്കരോഗം ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.
ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പനി പടര്‍ത്തുന്നത് ഈഡിസ് വര്‍ഗത്തില്‍പ്പെട്ട കൊതുകുകളാണ്. സാധാരണയായി ചിരട്ട, കുപ്പി, ടയര്‍, ജലസംഭരണികള്‍, ടിന്‍, മുളംകുറ്റി, മരപ്പൊത്തുകള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന ജലത്തിലാണ് ഈഡിസ് കൊതുക് മുട്ടയിട്ട് വളരുന്നത്. കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കണം. ജലം സംഭരിച്ച് വക്കുന്ന ടാങ്കുകളും പാത്രങ്ങളും കൊതുക് കടക്കാത്തനിലയില്‍ മൂടുവയ്ക്കുകയും വേണം. പനിയും അനുബന്ധ അസുഖങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള അംഗീകൃത ആശുപത്രികളില്‍ ചികിത്സ തേടണമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സിജോ കുഞ്ഞച്ചന്‍, മാസ് മീഡിയ ഓഫിസര്‍ അനില്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."