ജീവന് പണയം വച്ചുവേണം ഈ പാലത്തിലൂടെ യാത്ര ചെയ്യാന്‍
ചെര്‍ക്കള: ചെങ്കള-ചെമ്മനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേരൂര്‍ തൂക്കുപാലം അപകടഭീഷണിയില്‍. പൊട്ടിയ സിമന്റ് പലകകളും തുരുമ്പിച്ച കൈവരികളും ഏതുനിമിഷവും അപകടം വിളിച്ചുവരുത്തുമെന്ന ആശങ്കയിലാണ് ജനം. അടിവശത്തെ ഇരുമ്പുദണ്ഡുകള്‍ പലതും നശിച്ചിരിക്കുകയാണ്.
2003ല്‍ തുറന്നു കൊടുത്ത തൂക്കുപാലത്തില്‍ ഇതുവരെ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല.തൂക്കുപാലത്തിന്റെ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞു കോണ്ക്രീറ്റുകള് അടര്‍ന്നുവീണ് ഇരുമ്പുകമ്പികള്‍ തകര്‍ന്ന് സ്ലാബുകള്‍ക്കിടയില്‍ വന്‍ വിടവുകള്‍ രൂപപ്പെട്ടിരിക്കുകയാണ്.
കൈവരികളും പൈപ്പുകളും തുരുമ്പുപിടിച്ചുകിടക്കുകയാണ്. പാലത്തിന്റെ പലകകള്‍ തകര്‍ന്ന സ്ഥലത്ത് വലിയ കുഴിയായി മാറിയതിനാല്‍ ഇതുവഴിപോകുന്നവരുടെ കാലൊന്നു തെറ്റിയാല്‍ പുഴയിലേക്കു പതിക്കുന്ന അവസ്ഥയാണിപ്പോള്‍.
കുട്ടികള്‍ പാലം കടന്നുകിട്ടുന്നതു വരെ രക്ഷിതാക്കളും ഭീതിയിലാണ്. ചെമ്മനാട്, വയലാന്കുഴി, കോളിയടുക്കം, പരവനടുക്കം തുടങ്ങിയ ഭാഗങ്ങളിലെ നൂറുകണക്കിനാളുകളുടെ ആശ്രയമാണ് ഈ പാലം.
സ്കൂള്‍, മദ്റസ വിദ്യാര്‍ഥികളും സ്ത്രീകളുമുള്‍പ്പെടെ ദിവസേന നിരവധി കാല്‍നടയാത്രക്കാര്‍ പോകുന്ന തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."