ആശുപത്രി പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നു; രോഗികള്‍ ദുരിതത്തില്‍
എടച്ചേരി: ഓര്‍ക്കാട്ടേരിയിലെ സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നത് കാരണം ഇവിടെ എത്തുന്ന രോഗികള്‍ കഷ്ടപ്പെടുകയാണ്. മഴക്കാലം തുടങ്ങിയത് മുതലാണ് ആശുപത്രിയിലേക്കുളള യാത്ര ദുസ്സഹമായത്. പഴയ കെട്ടിടം പുതുക്കിപ്പണിയുന്നതിന് വേണ്ടി പൊളിച്ചുമാറ്റിയിട്ട് മൂന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പണി തുടങ്ങുന്നതിനെ കുറിച്ച് ശ്രമങ്ങള്‍ ആരംഭിച്ചിട്ടില്ല.
വടകര ബ്ലോക്ക് പഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ ആശുപത്രി. കഴിഞ്ഞ ഭരണ സമിതിയിലാണ് കെട്ടിടം പുതുക്കിപ്പണിയാനുളള തീരുമാനങ്ങള്‍ ഉണ്ടായത്. എന്നാല്‍ തീരുമാനം നടപ്പിലാക്കുന്നതിന് മുന്‍പ് ഭരണ സമിതിയുടെ കാലാവധി അവസാനിക്കുകയായിരുന്നു. ശേഷം വന്ന ഭരണ സമിതി തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയുടെ മെയിന്‍ ബ്ലോക്കായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ പ്രദേശവാസിയായ ഒരാള്‍ക്ക് കരാര്‍ കൊടുത്തിരുന്നു.
ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്് കരാറുകാരന്‍ ജോലി തുടങ്ങി. കെട്ടിടത്തിന്റെ തറയടക്കം പറിച്ചു മാറ്റാനായിരുന്നു കരാര്‍. എന്നാല്‍ തറ പറിച്ചു മാറ്റുന്നതിനിടെ അവിടെയുണ്ടായിരുന്ന മണ്ണ് ആവശ്യത്തിലധികം മാറ്റിയതാണ് ഇപ്പോള്‍ വെളളം കെട്ടിക്കിടക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ കെട്ടിടം നിലവിലുളളപ്പോള്‍ തന്നെ ആശുപത്രിക്ക് പുതിയ രണ്ട് കെട്ടിടങ്ങള്‍ പണിതത് കാരണം രോഗികളെ പരിശോധനയും, മറ്റു കാര്യങ്ങളും ഏറെക്കുറെ ബുദ്ധിമുട്ടില്ലാതെ നടക്കുന്നുണ്ടെങ്കിലും ആശുപത്രിയിലേക്ക് എത്തിപ്പെടാനാണ് രോഗികളും നാട്ടുകാരും ബുദ്ധി മുട്ടുന്നത്. മുറ്റത്ത് കെട്ടിക്കിടക്കുന്ന വെളളം ആശുപത്രിയിലേക്ക് ഇപ്പോഴുളള വഴിയിലേക്കൊഴുകിയെത്തി തടസ്സമായിരിക്കുകയാണ്.
ആശുപത്രിയുടെ നിലവിലുളള ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ ആശുപത്രിയില്‍ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും കെട്ടിടം പണി നീണ്ടുപോവുകയാണ്.
അതെ സമയം അഞ്ചോളം പഞ്ചായത്തുകളിലെ രോഗികള്‍ ആശ്രയിക്കുന്ന ഈ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന സ്ഥിരം പരാതി ഇപ്പോഴും നിലനില്‍ക്കുകയാണ്. ആറ് ഡോക്ടര്‍മാര്‍ ഇവിടെ ജോലിയിലുണ്ടെങ്കിലും മിക്ക ദിവസങ്ങളിലും മൂന്നില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ ഇവിടെ ഉണ്ടാവാറില്ല. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനാല്‍ നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തത് കാരണം ഇവിടെയെത്തുന്ന രോഗികള്‍ ഏറെ ദുരിതമനുഭവിക്കുകയാണ്.
രോഗികള്‍ക്ക് ആശ്വാസമാകേണ്ട ഇത്തരം ആതുരാലയങ്ങള്‍ രോഗികളുടെ പ്രയാസങ്ങള്‍ ഇരട്ടിപ്പിക്കുന്ന വിധം പ്രവര്‍ത്തിക്കുന്നതിനെതിരേ അധികൃതരുടെ ശ്രദ്ധ പതിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."