ഇന്നലെകളിലേക്കൊരു തിരിഞ്ഞുനോട്ടം
കണ്ണൂര്‍: 200 വര്‍ഷത്തിലധികം പഴക്കമുള്ള പറകള്‍, 450ല്‍പരം വര്‍ഷം പഴക്കമുള്ള വീട്ടിയില്‍ തീര്‍ത്ത ഗ്രന്ഥപ്പലക.... പഴമയുടെ പൊലിമയുമായി പൊലിസ് കമ്മ്യൂണിറ്റി ഹാളില്‍ ഒരുക്കിയ കാര്‍ഷികോപകരണ പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി. കുടുംബശ്രീ ജില്ലാ മിഷന്‍ ഓഡിറ്റ് വിഭാഗമായ ക്ലാസാണ് പ്രദര്‍ശനം ഒരുക്കിയത്. പ്രധാന കാഴ്ചകളിലൊന്നായിരുന്നു കള്ളപ്പറയും കള്ളനാഴി എന്ന ചെറുനാഴിയും. പണ്ട് ജന്മിമാര്‍ അടിയാളന്മാരെ പറ്റിക്കാന്‍ ഉപയോഗിച്ചിരുന്ന പറകളാണിവ. ഓലന്തം, ഇടങ്ങഴി, ഉരി, അഴക്ക് എന്നിവയും ഉരല്‍, ഉലക്ക തുടങ്ങിയവരും പുതുതലമുറയ്ക്ക് വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകളായിരുന്നു. കലപ്പ, നിലംതല്ലി, നിലം ഒതുക്ക തുടങ്ങി ഒട്ടേറെ ഉപകരണങ്ങളും നവര, കുഞ്ഞി തുടങ്ങി 50 ഓളം അപൂര്‍വ നെല്‍ വിത്തുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. ടൗണ്‍ സ്‌കൂളിലെ കുട്ടികളുടെയും ചെറുകുന്ന് താവത്തെ കെ.വി ഭാസ്‌കരന്റെ പുരാവസ്തു ശേഖരവുമാണ് പ്രദര്‍ശനത്തിലൊരുക്കിയത്.
കാര്‍ഷികോപകരണ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. വെള്ളോറ രാജന്‍ അധ്യക്ഷനായി. കെ.ഒ സ്വപ്‌ന പൊലിവ് വിശദീകരണം നടത്തി. എ.ഡി.എം മുഹമ്മദ് യൂസഫ്, ഡിവൈ.എസ്.പി ടി.പി രഞ്ചിത്ത്, ഓമന, രാജേഷ്, ഗീതാ കിഷോര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സെമിനാറും കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച നാടന്‍ പാട്ടുകളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."