യൂനിവേഴ്‌സിറ്റി കോളജ് സംഭവം: അഭിമന്യു വധം വീണ്ടും ചര്‍ച്ചയാകുന്നു
സുനി അല്‍ഹാദി
കൊച്ചി: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു വധം വീണ്ടും ചര്‍ച്ചയാകുന്നു. അഭിമന്യു വധക്കേസിലെ മുഖ്യപ്രതികളെ ഇനിയും പിടികൂടിയിട്ടില്ലാത്ത സാഹചര്യത്തിലാണിത്.
എസ്.എഫ്.ഐ അംഗമായ വിദ്യാര്‍ഥിക്കുനേരെ അതേ സംഘടനയില്‍പ്പെട്ടവര്‍ തന്നെ കൊലപാതകശ്രമം നടത്തിയത് കാംപസുകളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. അഭിമന്യു വധം നടന്ന് ഒരുവര്‍ഷത്തിനുശേഷം മറ്റൊരു വിദ്യാര്‍ഥിയുടെ നെഞ്ചിലേക്കുകൂടി കത്തി ആഴ്ന്നിറങ്ങിയതാണ് വിദ്യാര്‍ഥി സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.അഭിമന്യു വധത്തെ തുടര്‍ന്ന് കാംപസുകളിലെ അക്രമരാഷ്ട്രീയത്തിനെതിരേ കേരളത്തിലങ്ങോളമിങ്ങോളം വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
സാംസ്‌കാരിക നായകരടക്കം വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. അഭിമന്യുവിനെ കുത്തിയത് ആരെന്ന കാര്യത്തില്‍പോലും പൊലിസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ കേസില്‍ ഒരു ഡസനിലേറെ പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും അവരില്‍ ചുമത്തിയിരിക്കുന്ന കുറ്റം മുഖ്യപ്രതികളെ സഹായിച്ചു, ഒളിവില്‍ പോകാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു തുടങ്ങിയവയാണ്. യഥാര്‍ഥ പ്രതികള്‍ രാജ്യം വിട്ടിരിക്കാമെന്ന് മാത്രമാണ് അന്വേഷണസംഘം പറയുന്നത്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിനായിരുന്നു അഭിമന്യു വധത്തിന്റെ ഒന്നാംവാര്‍ഷികം. അഭിമന്യു അനുസ്മരണ സമ്മേളനങ്ങള്‍ കാംപസുകളില്‍ നടന്നെങ്കിലും മുഖ്യപ്രതികളെ കണ്ടെത്താത്തതിനെതിരേ വിദ്യാര്‍ഥികള്‍ക്കിടയില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥി കുത്തേറ്റ് വീണിട്ടും സാംസ്‌കാരിക നായകര്‍ മൗനംപാലിക്കുന്നത് പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."