ഗള്‍ഫ് യുദ്ധവും ടൊയോട്ട സണ്ണിയും
കുവൈത്തിനുമേല്‍ ഇറാഖിന്റെ ആക്രമണം നടന്ന 1990 ഓഗസ്റ്റ് ഒന്നിന്റെ പിറ്റേന്ന് വെളുപ്പിന് ആറു മണിയായപ്പോള്‍ എന്റെ സ്‌കൂളിന്റെ കുവൈത്തി പാര്‍ട്ണര്‍ ഫോണില്‍ പറഞ്ഞു, ''തോമസേ പുറത്തുപോകരുത്, ഇറാഖി പട്ടാളം നമ്മുടെ രാജ്യം പിടിച്ചടക്കിയിരിക്കുകയാണ്.''
ജനാല തുറന്നുനോക്കിയപ്പോള്‍ ഹൈവേയിലൂടെ വരിവരിയായി നീങ്ങുന്ന ഇറാഖി ടാങ്കുകളും പട്ടാളക്കാരും. വീട്ടില്‍ കുഞ്ഞുങ്ങളുണ്ടായിരുന്നതിനാല്‍ അടുത്ത കടയില്‍ ചെന്നു പഴങ്ങളും വെള്ളവും അത്യാവശ്യ സാധനങ്ങളും വാങ്ങി വച്ചു. പിന്നീട് രണ്ടുമൂന്നു ദിവസത്തേക്ക് ആരും പുറത്തിറങ്ങിയില്ല. ഇന്ത്യക്കാരനാണെന്ന തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ ഇറാഖി പട്ടാളം ഉപദ്രവിക്കില്ലെന്ന് അറിഞ്ഞപ്പോള്‍ ഇന്ത്യന്‍ എംബസിയിലേക്കു കുതിച്ചു. അവിടെ ടൊയോട്ട സണ്ണിച്ചായനും മറ്റുമുണ്ടായിരുന്നു. ബാഹ്യലോകവുമായി ബന്ധപ്പെടാനാവാതെ എംബസി ഉദ്യോഗസ്ഥരുള്‍പ്പെടെ പകച്ചിരിക്കുകയാണ്.
അതിനടുത്ത ദിവസം കുടുംബസുഹൃത്തായ എന്‍ജിനീയര്‍ എബി വീട്ടിലെത്തി ഒരു കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ കൈയില്‍ ഹാം റേഡിയോ ഉണ്ട്. അതുവഴി പുറംലോകവുമായി ബന്ധപ്പെടാം. പക്ഷേ, സ്വന്തം വീട്ടില്‍ വച്ച് അതു പ്രവര്‍ത്തിപ്പിക്കന്‍ പേടിയാണ്. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറെ പരിചയപ്പെടുത്തിക്കൊടുത്താല്‍ എംബസി കെട്ടിടത്തിന്റെ മുകളില്‍ വച്ച് സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാം. അംബാസഡര്‍ക്കു പൂര്‍ണസമ്മതം. എബി അവിടെ വച്ച് ഹാം റേഡിയോയിലൂടെ 'ഞങ്ങളെ സഹായിക്കണം , ആരെങ്കിലും കേള്‍ക്കുന്നുണ്ടെങ്കില്‍ ' എന്നു നിരന്തരം സന്ദേശമയച്ചു. കുറേക്കഴിഞ്ഞ് ബെയ്‌റൂത്തില്‍ നിന്ന് എന്തു സഹായമാണു വേണ്ടതെന്ന പ്രതികരണമുണ്ടായി. പ്രശ്‌നങ്ങളെല്ലാം അറിയിച്ച് ലബനോനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഹാം റേഡിയോയുടെ ഒരു പ്രത്യേക ഫ്രീക്വന്‍സിയിലേയ്ക്കു വരാന്‍ ഇന്ത്യയിലെ വിദേശകാര്യ വകുപ്പിനോട് അഭ്യര്‍ഥിക്കണമെന്ന് അറിയിച്ചു.
പിറ്റേന്ന് ഉച്ചയ്ക്ക് എബിക്ക് ഇന്ത്യന്‍ വിദേശകാര്യവകുപ്പുമായി ബന്ധപ്പെടാന്‍ സാധിച്ചു. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറും ഉദ്യോഗസ്ഥരും ഇന്ത്യന്‍ വിദേശകാര്യ അധികൃതരുമായി സംസാരിച്ചു. അടുത്തദിവസം മുതല്‍ അംബാസഡറും ടൊയോട്ട സണ്ണിച്ചായനും ഇന്ത്യന്‍ വിദേശകാര്യവകുപ്പ് അധികൃതരുമായി കുവൈത്തിലെ ഇന്ത്യക്കാരുടെ കുടിയൊഴിപ്പിക്കലിനെപ്പറ്റി വിശദമായ ചര്‍ച്ച നടത്തി പദ്ധതി തയാറാക്കി. അതിന്റെ ഫലമായാണ് 14 എയര്‍ ഇന്ത്യ വിമാനങ്ങള്‍ അമ്മാനിലേയ്ക്ക് അയക്കാന്‍ തീരുമാനമായത്.
ഇറാഖി പട്ടാളക്കാര്‍ നിരന്ന വീഥിയിലൂടെ 80 ബസ്സുകള്‍ സംഘടിപ്പിച്ച് ദിനംപ്രതി 3000 പേരെ അമ്മാനില്‍ എത്തിക്കുന്നതിന്റെ ഉത്തരവാദിത്വമേറ്റെടുത്തത് സണ്ണിച്ചായനായിരുന്നു. മറ്റാര്‍ക്കും അതിനു ധൈര്യമുണ്ടായിരുന്നില്ല. അമ്മാന്‍ വിമാനത്താവളത്തിലേയ്ക്കുള്ള ആദ്യ ബസ് ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ എന്നെ ചുമതലപ്പെടുത്തിയതും സണ്ണിച്ചായനായിരുന്നു. ഒരു മാസത്തോളം ഇതു തുടര്‍ന്നു. പോകുന്നവരെല്ലാം 100 കുവൈത്ത് ദിനാര്‍ (അന്നത്തെ 10,000 ഇന്ത്യന്‍ രൂപ) വീതം നല്‍കുമായിരുന്നു. ബസിന്റേതുള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് ഉപയോഗിച്ച ശേഷം ഇവാക്വേഷന്‍ ഓഫീസിലെ ഹാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ബാക്കി തുക അടുക്കിവയ്ക്കുകയായിരുന്നു. അതിനു കാവലായി അടുത്ത മുറിയില്‍ സണ്ണിച്ചായന്‍ താമസിച്ചു.
ഒരു ദിവസം അര്‍ധരാത്രി നാലഞ്ച് ഇറാഖി പട്ടാളക്കാര്‍ സണ്ണിച്ചായന്റെ മുറിക്കകത്ത് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഏഴായിരം കുവൈത്ത് ദിനാറും വാച്ചുള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങളും കൈക്കലാക്കി. ഹാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ അടുക്കിവച്ച മുറിയില്‍ കയറി പെട്ടികളില്‍ ഇടിച്ചു നോക്കി. ആഹാരസാധനങ്ങളാണെന്നു കരുതി തുറന്നുനോക്കാതെ തിരിച്ചുപോയി. ലക്ഷക്കണക്കിന് ദിനാറുകള്‍ ആ പെട്ടിയില്‍ ഉണ്ടായിരുന്നു. ഒന്നരലക്ഷത്തിലധികം ആളുകളെ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച ശേഷമാണ് സണ്ണിച്ചായന്‍ നാട്ടിലേയ്ക്കു യാത്ര തിരിച്ചത്.
അര്‍ഹതയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എത്രയോ അവാര്‍ഡുകള്‍ നല്‍കുന്ന ഇന്ത്യന്‍ ഭരണകൂടം അര്‍ഹതയുണ്ടായിട്ടും സണ്ണിച്ചായനെ തിരിഞ്ഞുനോക്കിയില്ല. കുവൈത്തിലെ മലയാളിസമൂഹത്തിനാകെ ഇതില്‍ മനോവേദനയുണ്ട്. ഒന്നരലക്ഷത്തിലധികം മലയാളികളെ ഇന്ത്യയിലെത്തിക്കാന്‍ ഭഗീരഥപ്രയത്‌നം നടത്തിയ സണ്ണിച്ചായന് രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മപുരസ്‌കാരങ്ങളില്‍ ഒന്നെങ്കിലും തീര്‍ച്ചയായും ലഭിക്കേണ്ടതായിരുന്നു. മരണാനന്തര ബഹുമതിയായെങ്കിലും അതു സമ്മാനിക്കണമെന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."