അന്നമൂട്ടാന്‍ നിരാഹാരം
ന്യൂഡല്‍ഹി: തിങ്കളാഴ്ച പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഷക സമരത്തിന്റെ ഭാഗമായി കര്‍ഷക സംഘടനാനേതാക്കള്‍ അന്ന് സിന്‍ഗുവിലെ സമരവേദിയില്‍ നിരാഹാര സമരം നടത്തും.
ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷി ദിനമായ ഈ മാസം 19ന് മുന്‍പ് നിയമം പിന്‍വലിച്ചില്ലെങ്കില്‍ അന്നുമുതല്‍ അനിശ്ചിതകാല ഉപവാസം ആരംഭിക്കുമെന്ന് കര്‍ഷക സംഘടന നേതാവ് ഗുര്‍നാംസിങ് ചാരൂനി പ്രഖ്യാപിച്ചു.
ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ തടയരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സര്‍ക്കാര്‍ നോക്കുന്നുണ്ട്. അത് വിജയിക്കില്ലെന്ന് മറ്റൊരു നേതാവായ കമല്‍പ്രീത് സിങ് പറഞ്ഞു. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുകയെന്നത് മാത്രമാണ് തങ്ങളുടെ നിലപാടെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
ആവശ്യം ചെവിക്കൊള്ളാന്‍ തയാറാകാത്ത കേന്ദ്ര സര്‍ക്കാരിനെതിരേ സഹനസമരത്തിന്റെ പാതയില്‍ തുടരുന്ന കര്‍ഷക സംഘടനകള്‍, ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കെതിരേ നടത്തിയ സഹന സമരത്തെയാണ് ഓര്‍മിപ്പിക്കുന്നത്. രാജ്യത്തെ ഊട്ടുന്ന കര്‍ഷകര്‍ നിരാഹാര സമരം പ്രഖ്യാപിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തിലായി.
വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടരുന്നതിനിടെ കാര്‍ഷിക നിയമത്തെയും കോര്‍പ്പറേറ്റ്‌വല്‍കരണത്തെയും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുമെന്ന് ഫിക്കിയുടെ 93ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി അവകാശപ്പെട്ടു. സ്വകാര്യമേഖല ഇതുവരെ കാര്‍ഷിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. അവര്‍ക്ക് അതിനായി അവസരമൊരുക്കേണ്ടതുണ്ട്. വാണിജ്യ മേഖലയെ നിയന്ത്രിക്കുന്നവര്‍ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങളിറക്കണം.
ഇപ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ മണ്ഡിയിലും പുറത്തുള്ളവര്‍ക്കും വില്‍ക്കാന്‍ അവസരമുണ്ടെന്നും ഇത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."