സുനാമി, ഭൂകമ്പം: ഇന്തൊനേഷ്യയില്‍ കൂട്ട സംസ്‌കാരം തുടങ്ങി
ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ സുനാമി, ഭൂകമ്പ ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കാന്‍ തുടങ്ങി. 832 പേര്‍ മരിച്ചുവെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്.
ദുരിതം നേരിടാന്‍ ഏറെ ബുദ്ധിമുട്ടുന്ന ഇന്തൊനേഷ്യന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സഹായം തേടുകയും ചെയ്തു.
ദുരന്തത്തിന്റെ നാലാം ദിവസവും ചില മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തനം എത്തിയില്ല. ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്ന പ്രവൃത്തി ശ്രമകരമാണ്. അവശ്യമരുന്നുകളുടെ കുറവും അലട്ടുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനായി അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണ് പ്രസിഡന്റ് ജോക്കോ വിഡോഡോ.
മൃതദേഹങ്ങള്‍ കൂട്ടത്തോടെ അടയ്ക്കാനുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇതിനായി പാലു നഗരത്തിനടുത്തായി 100 മീറ്റര്‍ നീളത്തില്‍ വലിയ കുഴിയുണ്ടാക്കി. 1300 പേരെയെങ്കിലും അടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.
മൃതദേഹങ്ങള്‍ കുറേയധികം ഇനിയും കണ്ടെടുക്കാനുണ്ട്. പലയിടത്തും മൃതദേങ്ങള്‍ മാറ്റാനുള്ള സജ്ജീകരണമില്ല. ഇവയില്‍ നിന്ന് രോഗം പടരാതിരിക്കാന്‍ രാജ്യത്ത് 14 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."